മലപ്പുറം-ന്യുനപക്ഷങ്ങളെ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിനായിരിക്കും ഇത്തവണ സമസ്തയുടെ പിന്തുണയെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ പോരാടാന്‍ മുസ്്ലിംകള്‍ അടക്കമുള്ളവര്‍ക്ക് ഒപ്പമുള്ളത് ഇടതുപക്ഷമാണെന്ന് സമസ്ത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാനുള്ള തന്ത്രപരമായ നിലപാടാണ് ഐ.എന്‍.എല്‍ സ്വീകരിക്കുക.ബി.ജെ.പിക്ക് എതിരെ മല്‍സരിക്കുന്നവരില്‍ വിജയസാധ്യതയുള്ളവരെയും മികവുള്ളവരെയും പിന്തുണക്കും.ബി.ജെ.പി പ്രധാന ശത്രുവല്ലാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയുടെ മെറിറ്റ് നോക്കിയാകും പിന്തുണ.കേരളത്തില്‍ ഇടതുപക്ഷമാണ് ബി.ജെ.പിയുടെ വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ എന്‍.ഡി.എക്ക് ഇരുനൂറ് സീറ്റില്‍ കൂടുതല്‍ ലഭിക്കില്ല.ബീഹാര്‍,ഉത്തര്‍പ്രദേശ്,മണിപ്പൂര്‍,കര്‍ണാടക എന്നിവിടങ്ങളില്‍ അവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകും.രാജ്യത്ത് മുസ്്ലിം സംഘടനകള്‍ക്കിടയില്‍ ഐക്യമില്ലെങ്കിലും ബി.ജെ.പിയെ തോല്‍പ്പിക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്്ജിദ് തകര്‍ത്തപ്പോള്‍ അതിനെ എതിര്‍ക്കുകയും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള മുസ്്ലിം ലീഗ് പിന്തുണ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട താന്‍ അടക്കമുള്ള ദേശീയ നേതാക്കളുടെ അഭിപ്രായം ലീഗ് സംസ്ഥാന നേതൃത്വം തള്ളിക്കളയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.വി രാജീവ് സ്വാഗതം പറഞ്ഞു.
