ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തിലുള്‍പ്പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ലോക സഭാംഗവുമായ പി.കെ. ശ്രീമതി സിപിഎം ദേശീയ നേതാക്കളെ കണ്ടു നിലപാട് വിശദീകരിച്ചു. അതേസമയം പാര്‍ട്ടി ആസ്ഥാനത്തേക്കു തങ്ങള്‍ വിളിച്ചുവരുത്തിയതല്ലെന്നും ശ്രീമതി സ്വമേധയാ വന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാര്‍ക്കു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി വഴിവിട്ടു നിയമനം ലഭിച്ചതില്‍ ശ്രീമതിക്കും പങ്കുണ്ടെന്നാണു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ശ്രീമതിക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നാണ് കേന്ദ്ര നേതാക്കളില്‍ പലരുടെയും നിലപാട്.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ തെറ്റ് ഏറ്റുപറഞ്ഞശേഷം ഇപി ജയരാജന് പരസ്യപ്രസ്താവനയിലും നിയമസഭയിലും ജയരാജന് നടത്തിയ ന്യായീകരണത്തെ ഗൗരവത്തില്‍ കാണേണ്ടതുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
