സ്റ്റാലിന്‍ തന്നെ പിന്‍ഗാമിയെന്ന് കരുണാനിധി

സ്വാഭാവികമായും എനിയ്ക്കുമുന്നില്‍ രാഷ്ട്രീയ പിന്‍ഗാമിയായി ഇപ്പോഴുള്ളത് സ്റ്റാലിന്‍ തന്നെയാണ്.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയെ താന്‍ കൈവിടില്ലെന്നും കരുണാനിധി പറയുന്നുണ്ട്.

ചെന്നൈ: എം കെ സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധി.പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയെങ്കിലും രണ്ടാമത്തെ മകന്‍ അഴഗിരിയെ കൈവിടില്ലെന്നും ഒരു തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കലൈഞ്ജര്‍ വ്യക്തമാക്കി.
ഏറ്റവും ഇളയ പുത്രനായ സ്റ്റാലിനാണ് തന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്നത് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി ഇതാദ്യമായല്ല വ്യക്തമാക്കുന്നത്. കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതി അമ്മാളിന്റെ രണ്ടാമത്തെ മകനായ എം കെ അഴഗിരിയും രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകനായ എം കെ സ്റ്റാലിനും തമ്മില്‍ അധികാരത്തിന്റെ പേരിലുള്ള മൂപ്പിളമത്തര്‍ക്കവും പോരും ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ രാഷ്ട്രീയത്തിലെ ബദ്ധവൈരിയായ ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട് ഒരു മാസം തികയുമ്‌ബോഴാണ് കലൈഞ്ജരുടെ പുതിയ പ്രസ്താവന. ആനന്ദവികടനെന്ന തമിഴ്വാരികയുടെ തൊണ്ണൂറാം വാര്‍ഷികപ്പതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കരുണാനിധി ഇങ്ങനെ പറയുന്നു. പാര്‍ട്ടിയ്ക്ക് ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിയ്ക്കുന്ന നേതാവിനെയാണ് വേണ്ടത്. ചെറുപ്പം മുതലേ രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ട് സ്റ്റാലിന്. ചെറുപ്രായത്തിലേ പൊലീസിന്റെ മര്‍ദ്ദനമേറ്റും തെരഞ്ഞെടുപ്പ് നേരിട്ടും മികവ് തെളിയിച്ചയാളാണ് സ്റ്റാലിന്‍.

സ്വാഭാവികമായും എനിയ്ക്കുമുന്നില്‍ രാഷ്ട്രീയ പിന്‍ഗാമിയായി ഇപ്പോഴുള്ളത് സ്റ്റാലിന്‍ തന്നെയാണ്.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയെ താന്‍ കൈവിടില്ലെന്നും കരുണാനിധി പറയുന്നുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിയ്ക്കാറായിട്ടില്ലെന്നും വീണ്ടും പാര്‍ട്ടിയെ വിജയത്തിലേയ്ക്ക് നയിച്ച ശേഷമേ താന്‍ വിരമിയ്ക്കൂ എന്നും കരുണാനിധി വ്യക്തമാക്കുന്നു. കരുണാനിധിയുടെ ഈ പ്രഖ്യാപനത്തെ പാര്‍ട്ടിയും സ്വാഗതം ചെയ്യുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട് ഒരു മാസം തികയുകയാണ്. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും അവര്‍ ഉടന്‍ പോയ്‌സ് ഗാര്‍ഡനിലേയ്ക്ക് മടങ്ങുമെന്നുമാണ് എഐഎഡിഎംകെ വ്യക്തമാക്കുന്നത്. ദ്രാവിഡപാര്‍ട്ടികളുടെ കളരിയില്‍ തമിഴ്‌നാട്ടിലെ കരുത്തയായ ഒരേയൊരു എതിരാളിയായ ജയലളിതയുടെ ഇപ്പോഴത്തെ അവസ്ഥ കൃത്യമായി വിലയിരുത്തിയാണ് കരുണാനിധിയുടെ പുതിയ കരുനീക്കമെന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *