മലപ്പുറം: സൗഹൃദം, സമത്വം, സമന്വയം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്‌ലിംലീഗ് കേരള യാത്രയുടെ ലോഗോ പാണക്കാട് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ജനുവരി 24 ന് മഞ്ചേശ്വരത്ത് നിന്നു തുടങ്ങി ഫെബ്രുവരി 11 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര സംസ്ഥാന രാഷ്ട്രീയത്തില്‍ പുത്തനുണര്‍വ് പകരുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സൗഹൃദത്തിലും സമത്വത്തിലും സമന്വയത്തിലും മാതൃകയായ കേരളത്തിന്റെ മഹിത പാരമ്പര്യം കെടാതെ സൂക്ഷിക്കേണ്ടത് ഓരോ മതേതര വിശ്വാസിയുടെയും കടമയാണ്. വര്‍ഗീയതക്കെതിരെ എന്നും ശക്തമായ നിലപാടെടുത്ത പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സഹിഷ്ണുതയെ തച്ചുടക്കരുത്. സൗഹൃദാന്തരീക്ഷത്തിലൂടെ വലിയ മാറ്റങ്ങള്‍ രചിച്ച മണ്ണാണ് കേരളത്തിന്റേത്, അസഹിഷ്ണുതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് മുസ്‌ലിംലീഗ് കേരളയാത്ര കേരളത്തിന്റെ സൗഹൃദം ഊട്ടിയുറപ്പിക്കാനുതകുമെന്ന് തങ്ങള്‍ പറഞ്ഞു. യാത്ര നായകന്‍ പികെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.ഐ തങ്ങള്‍, പി.വി അബ്ദുള്‍ വഹാബ് എംപി, എം.സി മായിന്‍ ഹാജി, പി.എം സാദിഖലി, സി.കെ സുബൈര്‍, പി.കെ ഫിറോസ്, ടിപി അഷ്‌റഫലി, അഹമ്മദ് കുട്ടി ഉണ്ണികുളം. കെ.പി മുഹമ്മദ് കുട്ടി, കുറുക്കോളി മൊയ്തീന്‍. ഖമറുന്നീസ അന്‍വര്‍, ഷറഫുദ്ദീന്‍ കണ്ണേത്ത്. കെഎസ് ഹംസ. കെഎം ഗഫൂര്‍, നജീബ് കാന്തപുരം, സി.വി.എം വാണിമേല്‍ പങ്കെടുത്തു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ബഹുസ്വര സമൂഹത്തില്‍ സൗഹൃദവും സമത്വവും സമന്വയവും ഉണര്‍ത്തുന്നതാണ് ലോഗോ. കേരളയാത്രയുടെ പ്രചരണോദ്ഘാടനം ജനുവരി മൂന്നിന് പട്ടിക്കാട് എം.ഇ.എ എന്‍ജിനീയറിങ്ങ് കോളേജില്‍ നടക്കുന്ന മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി മുഖ്യാതിഥിയായിരിക്കും.
