സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ സർവകാല റെക്കോഡിലാണ് 24 കാരറ്റ് സ്വർണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔൺസ് സ്വർണം 3,634.25 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
സ്വര്‍ണ വ്യാപാരികള്‍ എങ്ങനെയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് എന്ന് അറിയാമോ? രാജ്യാന്തര വിപണി വിലയിലെ മാറ്റമാണ് പ്രധാനമായും പരിഗണിക്കുക. കൂടാതെ ഡോളര്‍-രൂപ വിനിമയ നിരക്കിലെ വ്യത്യാസം പരിശോധിക്കും. മുംബൈയില്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണവിപണിയിലെ വിലയും ഒത്തുനോക്കും. ഈ മൂന്ന് കാര്യങ്ങള്‍ വിലയിരുത്തിയാണ് ഓരോ ദിവസവും വില നിശ്ചയിക്കുന്നത്.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലുള്ളവര്‍ക്ക് സ്വര്‍ണം അല്‍പ്പം ലാഭത്തില്‍ കിട്ടണം എങ്കില്‍ കേരളത്തില്‍ വന്നു വാങ്ങിയാല്‍ മതിയാകും. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മാറ്റമാണ് സ്വര്‍ണവിലയില്‍ അടിക്കടി മാറ്റം വരാന്‍ കാരണം. അമേരിക്കയില്‍ തൊഴില്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക മാന്ദ്യ ഭീതിയുമുണ്ട്. അതുകൊണ്ടുതന്നെ ഈ മാസം പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് കരുതുന്നത്. പലിശ കുറച്ചാല്‍ സ്വര്‍ണവില ഇനിയും കൂടും.
