ന്യൂദല്‍ഹി: കേരളത്തില്‍ ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം മതിയെന്ന് സുപ്രീംകോടതി വിധി.യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് സംസ്ഥാനത്തെ ബാറുടമകള്‍ നല്കിയ ഹരജി സുപ്രീംകോടതി ഇന്നു രാവിലെ തള്ളി.മദ്യ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നയം അംഗീകരിച്ച കോടതി, ഫോര്‍സ്റ്റാര്‍,ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് വേണമെന്ന ബാറുമകളുടെ വാദമാണ് തള്ളിയത്. ഇതോടെ,കേരളത്തില്‍ മദ്യവില്‍പ്പന 27 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും സര്‍ക്കാര്‍ ഔട്ട്ലെറ്റുകളിലും മാത്രമൊതുങ്ങും.നിലവിലുള്ള ബിയര്‍-വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കും.
സുപ്രീംകോടതി വിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയമായി. ബാറുടമകള്‍ക്ക് തിരിച്ചടിയും. മന്ത്രി കെ.എം.മാണിയുടെ രാജിവരെ എത്തിച്ച ബാര്‍കോഴ വിവാദം കേരളരാഷ്ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി വന്നത്.കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടു വരാനാണ് ശ്രമിക്കുന്നതെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ചത്.
2014 ഏപ്രിലില്‍ സംസ്ഥാനത്തെ 418 ബാറുകള്‍ സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതെ അടച്ചുപൂട്ടിയതോടെയാണ് ഇതുസംബന്ധിച്ച കേസുകള്‍ ആരംഭിച്ചത്.പഞ്ചനക്ഷത്രബാറുകള്‍ മാത്രം മതിയെന്ന സര്‍ക്കാര്‍ നയത്തിനെതിരെ ബാറുടമകളുടെ അസോസിയേഷന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സര്‍ക്കാര്‍ വാദം അംഗീകരിച്ചു. അതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത് . കോടതി വിധിയോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകരിച്ച 27 പഞ്ചനക്ഷത്ര ബാറുകളും 33 ക്ലബ്ബുകളും 806 ബിയര്‍ പാര്‍ലറുകളും സര്‍ക്കാര്‍ ഔട്ട്ലെറ്റുകളുമാണ് പ്രവര്‍ത്തിക്കുക.
