വി.ഡി.സതീശന്റെ ആരോപണം തള്ളി ആര്‍എസ്പി

കൊല്ലം • തോട്ടണ്ടി അഴിമതി ആരോപണത്തില്‍ വി.ഡി.സതീശനെ തള്ളി ആര്‍എസ്പി. എല്‍ഡിഎഫിനെതിരെ സതീശന്‍! നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു പറയാനാവില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മനോരമ ന്യൂസിനോടു പറഞ്ഞു. ഫാക്ടറി തുറക്കാനെടുത്ത സര്‍ക്കാര്‍ ശ്രമങ്ങളെ വിലകുറച്ചു കാണാനാവില്ലെന്നും അഴിമതി കണ്ടത്തേണ്ടത് എജിയാണെന്നും അസീസ് പറഞ്ഞു.

എല്‍ഡിഎഫിനെതിരെ പ്രതിപക്ഷത്തുനിന്നു വി.ഡി.സതീശന്‍ ഉന്നയിച്ച കശുവണ്ടി അഴിമതി ആരോപണത്തെ തള്ളിയും ജെ.മേഴ്‌സിക്കുട്ടിയമ്മയെ പിന്‍തുണച്ചും യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പിയാണ് നിലപാടെടുത്തിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ എടുക്കാതിരിക്കുകയും കൂടിയ വിലയ്ക്ക് പിന്നീട് വാങ്ങുകയും ചെയ്യുന്നത് കശുവണ്ടി ഇടപാടില്‍ സംഭവിക്കാമെന്ന് എ.എ.അസീസ് പറഞ്ഞു.

സ്വകാര്യ ഉടമ തോട്ടണ്ടി വാങ്ങുന്നപോലെ സര്‍ക്കാര്‍ സംവിധാനത്തിനു തോട്ടണ്ടി വാങ്ങാനാവില്ല. കശുവണ്ടി തൊഴിലാളിക്കു ജോലി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത സാഹസികതയെ വില കുറച്ചുകാണാനാവില്ല. ഇത്തരം തീരുമാനം എടുക്കുമ്‌ബോള്‍ ആരോപണം ഉണ്ടാകും. അഴിമതിയാണോ എന്നു പറയേണ്ടത് എജിയാണെന്നും ആര്‍എസ്പി വ്യക്തമാക്കി.

അതേസമയം, തോട്ടണ്ടി ഇടപാടില്‍ സമരരംഗത്തേക്ക് ഇറങ്ങാന്‍ കോണ്‍ഗ്രസും യുഡിഎഫും ആലോചിക്കുമ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച് ആര്‍എസ്പി രംഗത്തുവന്നത് പ്രതിപക്ഷത്തിനു തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *