ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ഞാന്‍ പോയിട്ടുണ്ട്. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. മോസ്കോയിലെ സെന്റ് ബസിലസ് കത്തീഡ്രലിലും മൈസൂരിലെ സെന്റ് ഫിലോമിന ചര്‍ച്ചിലും ഉദയംപേരൂരിലെ സുനഹദോസ് പള്ളിയിലും പോയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാസാഹബ് ഗുരുദ്വാരയിലും ഡല്‍ഹിയില്‍ തന്നെ കാല്‍ക്കാജിയിലുള്ള ബഹായ് വിശ്വാസികളുടെ ലോട്ടസ് ടെംമ്ബിളിലും പോയിട്ടുണ്ട്. ബീജിംഗിലെ ബുദ്ധക്ഷേത്രവും, ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയും സന്ദര്‍ശിച്ചിട്ടുണ്ട്
ഇതിന് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധനാലയങ്ങളിലും ഞാന്‍ കടന്നു ചെന്നിട്ടുണ്ട്. ഭക്തി പാരവശ്യത്താല്‍ പ്രാര്‍ത്ഥിക്കാനായിട്ടല്ല എവിടെയും പോയത്. ആരും എന്നെ തടഞ്ഞിട്ടില്ല. ആരെയും തടയുന്നത് ഞാന്‍ കണ്ടിട്ടുമില്ല. ഭക്തനാണെന്നതിന് ആരും എന്നോട് തെളിവ് ചോദിച്ചിട്ടില്ല. ഭക്തനാണോ എന്ന് മനസിലാക്കാനുള്ള യന്ത്രം എവിടെയെങ്കിലും ഉള്ളതായി എനിക്കറിയുകയുമില്ല. ഞാന്‍ കണ്ട സകല ആരാധനാലയങ്ങളുടെയും വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടവയായിരുന്നു.
ശ്രീ.വി.മുരളീധരന് ക്ഷമിക്കണം. പല ആരാധനാലയങ്ങളും ഫലത്തില്‍ ‘പിക്നിക് സ്പോട്ടുകള്‍’ തന്നെയായിരുന്നു. അതൊരിക്കലും പ്രസ്തുത ആരാധനാലയത്തിന്റെ ശോഭ കെടുത്തുന്നില്ല.. മറിച്ച് പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ. ചിലയിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് നല്കി പ്രവേശന ഫീസ് ഈടാക്കുന്നത് പോലും അപൂര്‍വമായിരുന്നില്ല.
കേരളത്തിലെ മിക്ക സ്കൂളുകളില്‍ നിന്നും പുറപ്പെടുന്ന വിനോദയാത്രകളുടെ ലക്ഷ്യ കേന്ദ്രങ്ങളില്‍ ഒരു ആരാധനാലയമെങ്കിലും ഉള്‍പ്പെടാറുണ്ട് എന്ന് സ്കൂളില്‍ പഠിച്ചിട്ടുള്ള എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മൈസൂരിലെ പള്ളിയിലും പഴനി സുബ്രഹ്മണ്യ ക്ഷേത്രത്തിലുമൊക്കെ കൗതുകത്തോടെ വരിവരിയായി നടന്നു നീങ്ങുന്ന സ്കൂള്‍ യൂണിഫോം ധാരികളായ കൊച്ചു മിടുക്കരുടെ നീണ്ട ക്യൂ ഇപ്പോഴുമെന്റെ മനസിലുണ്ട്.
അടഞ്ഞ വാതിലുകളും ‘തടവിലാക്കപ്പെട്ട ദൈവങ്ങ’ളുമുള്ള, ജനിച്ച മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ആരാധനാലയങ്ങളുണ്ടെങ്കില്‍ അവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ മാറ്റമുണ്ടാകുമെന്നും ഇരുളടഞ്ഞ ഇടനാഴികളില്‍ പ്രകാശം പരക്കുമെന്നും എനിക്കുറപ്പാണ്. ഒരു നാള് മനുഷ്യര്‍ക്കൊക്കെയും പരസ്പരം തിരിച്ചറിയാനാവും തീര്‍ച്ച.
വര്‍ഷങ്ങള്‍ക്ക് മുമ്ബ് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ഒരനുഭവം ശ്രീ.കെ .ടി ജലീല്‍ പണ്ടൊരിക്കല്‍ എന്നോട് പറഞ്ഞത് ഞാനിപ്പോഴുമോര്‍ക്കുന്നു. സുവര്‍ണ ക്ഷേത്രത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നതിന് മുമ്ബ് മുന്നില്‍ കണ്ട സിഖ് പുരോഹിതനോട് തനിക്ക് അകത്ത് പ്രവേശിക്കാമോ എന്ന് ശ്രീ.കെ.ടി.ജലീല്‍ ചോദിച്ചു. ചോദ്യം കേട്ട ഉടനേ സിഖ് പുരോഹിതന് ശ്രീ.കെ.ടി.ജലീലിനെ ഒരു സഹോദരനെയെന്ന പോലെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞുവത്രെ ‘ഈ ക്ഷേത്രം എത്രമാത്രം ഞങ്ങളുടേതാണോ , അത്രമാത്രം അത് നിങ്ങളുടേതുമാണ് ‘. . തുടര്‍ന്ന് ക്ഷേത്രം വിശദമായി കാണിച്ചു കൊടുക്കുകയും ചെയ്തു. കഴിയുമെങ്കില്‍ ശ്രീ .വി.മുരളീധരന് സുവര്‍ണക്ഷേത്രത്തില്‍ ഒന്നു പോകണമെന്ന് ഞാന്‍ വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.
മുസ്ലീം പള്ളികളിലും , ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും, ബുദ്ധവിഹാരങ്ങളിലുമെല്ലാം താന്‍ കടന്നു ചെല്ലുമെന്ന് ഒരിക്കല്‍ പറഞ്ഞത് സ്വാമി വിവേകാനന്ദനായിരുന്നു. വിശ്വാസത്തിന് മതത്തിന്റെ മേല്‍വിലാസം അത്യാവശ്യമല്ലെന്ന് ചിന്തിക്കാനൊക്കെ ചിലര്‍ക്ക് ഒരു ജീവിതകാലം മതിയാവാതെ വരുന്നത് ദു:ഖകരമാണ്.
ആരാധനാലയങ്ങളില്‍ ഭീകരപ്രവര്‍ത്തകരോ അക്രമികളൊ താവളമാക്കുന്നുവെങ്കില്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ. എല്ലാ ജാതിയിലും മതത്തിലും പെട്ടവരും ഒന്നിലും പെടാത്തവരുമായ സകല മനുഷ്യര്‍ക്കും കടന്നു ചെല്ലാന്‍ കഴിയുന്നവയായിരിക്കണം ആരാധനാലയങ്ങള്‍ . ആരാധിക്കുവാന്‍ വരുന്നവര്‍ ആരാധിക്കട്ടെ. ചിത്രശില്പ കലാ ഭംഗി ആസ്വദിക്കാന്‍ വരുന്നവര്‍ അതാസ്വദിക്കട്ടെ. വാസ്തുശില്‍പ്പ രീതിയെയും പുരാവസ്തു മൂല്യത്തെയും കുറിച്ച് പഠിക്കാന്‍ വരുന്നവര്‍ പഠിക്കട്ടെ. ആരാധനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുതെന്നേയുള്ളൂ. എല്ലാ മനുഷ്യരും ഒരുമിക്കുമ്ബോള്‍ സ്നേഹത്തിന്റെയും നന്മയുടെയും പൂക്കള്‍ വിടരും. അതില്‍ അസ്വസ്ഥരാവുന്നവരെ നാം സൂക്ഷിക്കണം.
