കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണആരംഭിച്ചു. ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആസാം സ്വദേശി അമീറുള്‍ ഇസ്ലാമാണ് വിചാരണ നേരിടുന്നത്. കേസില്‍ എഫ്‌ഐആര്‍ മൊഴി നല്‍കിയ സാക്ഷിയേയും കൊലയ്ക്കുശേഷം പ്രതി ഇറങ്ങിപ്പോകുന്നതു കണ്ട ഒരാളെയുമാണ് ജഡ്ജി എന്‍.അനില്‍കുമാര്‍ മുമ്പാകെ വിസ്തരിക്കുക. അവധിദിനങ്ങള്‍ ഒഴിവാക്കി 2017 ജനുവരി 23 വരെ തുടര്‍ച്ചയായി വിചാരണ പൂര്‍ത്തിയാക്കാനാണ് കേസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആകെ 195 സാക്ഷികളെയാവും വിസ്തരിക്കുക. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകുന്നേരം 5.30 നും ആറിനുമിടയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതി ജിഷയെ കൊലപ്പെടുത്തിയത്. കൊല ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, മാനഭംഗപ്പെടുത്തല്‍, ഗുരുതരമായി മുറിവേല്‍പിക്കല്‍, തടഞ്ഞുവയ്ക്കല്‍, തെളിവു നശിപ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, ദളിത് പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതിക്കും ഏതാനും സാക്ഷികള്‍ക്കും മലയാളമോ ഇംഗ്ലീഷോ അറിയാത്തതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാവും വിചാരണ നടത്തുക. കൊലപാതകം നടന്ന് 49 ദിവസത്തിനുശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കൊലയ്ക്കുശേഷം ആസാമിലേക്കും പിന്നീട് തമിഴ്‌നാട്ടിലേക്കും രക്ഷപ്പെട്ട പ്രതിയെ കാഞ്ചീപുരത്തുനിന്നാണ് പിടികൂടിയത്.
