വടക്കാഞ്ചേരി പീഡനം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗം അനില്‍ അക്കരയാണ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കേസ് വനിതാ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഎമ്മുമായി ബന്ധമുള്ള വനിതാ അഭിഭാഷകയും വടക്കാഞ്ചേരിയിലെ മൂന്ന് ഇടത് കൗണ്‍സിലര്‍മാരും ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ത്തെന്നും ഇതിന് പോലീസിന്റെ സഹായവും ലഭിച്ചതായും അനില്‍ അക്കര ആരോപിച്ചു.

പരാതിയുമായി ചെന്ന യുവതിയോട് പേരാമംഗലം സിഐ മണികണ്ഠന്‍ മോശമായി പെരുമാറി. കഴിഞ്ഞ ഓഗസ്റ്റ് 13ന് യുവതി മുഖ്യമന്ത്രിക്ക് പരാതി രജിസ്റ്റേര്‍ഡ് ആയി സമര്‍പ്പിച്ചിരുന്നുവെന്നും എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നും അനില്‍ അക്കര ആരോപിച്ചു. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തില്‍ കേസ് വിശദമായി അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി എ.കെ. ബാലന്‍ മറുപടി നല്‍കി. ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും. കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കണക്കാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

അതേസമയം, അനില്‍ അക്കരയുടെ പരാതി കേസ് അന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപി മുമ്പാകെ നേരിട്ടു പറയാവുന്നതാണെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു. ഇതോടെ പ്രസ്താവന മന്ത്രി പിന്‍വലിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *