ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെങ്കില് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങാണ് ലോക്സഭയില്‍ അറിയിച്ചത്. പ്രധാനമന്ത്രി എത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും. അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സിങ് ഇക്കാര്യം അറിയിച്ചത്.
നോട്ട് പിന്‍വലിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് 70 ആളുകള്‍ മരിക്കുകയും 1000 ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നിട്ടും പ്രധാനമന്ത്രി സഭയിലെത്താനോ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഇരു സഭകളും നോട്ട് വിഷയത്തില്‍ സ്തംഭിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും രണ്ടുമണി വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ജന്‍ ആക്രോശ് ദിവസിനാണ് ആഹ്വാനം ചെയ്തിരുന്നതെന്നും പ്രധാനമന്ത്രിയുടെ നടപടിയാണ് രാജ്യത്ത് ഭാരത് ബന്ദിന്റെ അവസ്ഥ സൃഷ്ടിച്ചതെന്നും രാജ്യസഭയില്‍ ഗുലാം നബി ആസാദ് ആരോപിച്ചു. രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ തൃണമൂല്‍, കോണ്‍ഗ്രസ് അംഗങ്ങള്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഇത് സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ചോദ്യോത്തര വേള 20 മിനിട്ട് നീണ്ടെങ്കിലും ബഹളം മൂലം 12 മണിവരെ നിര്‍ത്തി വെക്കുകയായിരുന്നു. പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് രണ്ട് മണിവരെ സഭ നിര്‍ത്തിവെച്ചു.
രാജ്യസഭയിലും സമാന സംഭവങ്ങളാണ് അരങ്ങേറിയത്. സഭ ചേര്‍ന്ന ഉടന്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ബിഎസ്പി അംഗങ്ങള്‍ ചര്‍ച്ച ആവശ്യപ്പെട്ട് ബഹളം തുടങ്ങി. ബഹളത്തെത്തുടര്‍ന്ന് ആദ്യം അരമണിക്കൂര്‍ സഭ നിര്‍ത്തിവെച്ചു. പിന്നീട് 11.40 ചേര്‍ന്നെങ്കിലും വീണ്ടും ബഹളമുണ്ടായതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
