ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കും

കൊച്ചി : രാജ്യത്ത് 1000, 500 കറന്‍സികള്‍ റദ്ദാക്കി സാധാരണക്കാരെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാര്‍ ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും റദ്ദാക്കിയേക്കുമെന്ന് വിദേശനാണ്യ വിനിമയ കാര്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി ജനയുഗം റിപ്പോര്‍ട്ട്. 86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്ബദ് വ്യവസ്ഥയാകെ തകരുകയും രൂപയുടെ മൂല്യം മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്ത ഭീതിജനകമായ പശ്ചാത്തലത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രാജിവച്ചേക്കുമെന്നും ഈ കേന്ദ്രങ്ങള്‍ ശക്തമായ സൂചന നല്‍കുന്നു.

ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയതും ശ്രദ്ധേയമാണ്.
ഊര്‍ജിത് പട്ടേലിനെ ബലിയാടാക്കി ഇപ്പോഴത്തെ ആഴമേറിയ പ്രതിസന്ധിയില്‍ നിന്നും തടിയൂരണമെന്ന് പ്രധാനമന്ത്രി മോഡിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നുവെങ്കിലും പട്ടേലിന്റെ തലതൊട്ടപ്പനായി അറിയപ്പെടുന്ന മോഡി മാത്രമാണ് അതിനു വിലങ്ങുതടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രചാരത്തിലുള്ള നോട്ടുകളുടെ ശതമാനം പോലും കണക്കാക്കാതെ ഇറക്കിയ രണ്ടായിരത്തിന്റെ പുതിയ കറന്‍സിയാണ് പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചതെന്നും റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ ഇറക്കുന്നതിനു മുന്‍ഗണന നല്‍കാത്തത് റിസര്‍വ്വ് ബാങ്കിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയാണെന്നും ബ്ലുംബര്‍ഗിന്റെ വിദേശനാണ്യ സാമ്ബത്തികകാര്യ വിദഗ്ധനായ കുനല്‍ അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിരക്കിട്ട് വികലമായി സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ രണ്ടായിരത്തിന്റെ കറന്‍സി അച്ചടിച്ചിറക്കി സാമ്ബത്തിക അരാജകത്വം സൃഷ്ടിച്ചത് ഈ നോട്ടുകളും താമസിയാതെ പിന്‍വലിക്കാന്‍ തന്നെയാണെന്ന് ഇന്ത്യന്‍ കറന്‍സികാര്യ വിദഗ്ധന്‍ കൂടിയായ യൂളോജിനോ ദെല്‍പിനോ സംശയം പ്രകടിപ്പിച്ചു.

നോട്ടുകളുടെ നിര്‍മൂല്യവല്‍കരണം ജനജീവിതം ദുസ്സഹമാക്കിയതിനിടയില്‍ രൂപയുടെ റിക്കാര്‍ഡ് മൂല്യത്തകര്‍ച്ച കൂടിയായപ്പോള്‍ പഴിയെല്ലാം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ തലയില്‍ കെട്ടിവച്ച് തലയൂരാന്‍ ശ്രമിച്ചാലും നോട്ടു റദ്ദാക്കല്‍ മൂലമുളള കെടുതികള്‍ രൂക്ഷമാകാനാണിടയെന്ന് ജിയോജിത് പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണവിഭാഗം മേധാവി വിനോദ് നായര്‍ കരുതുന്നു. ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ടുകളുമുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിച്ചിറക്കിയത് സിനിമാ പോസ്റ്റര്‍ അച്ചടിക്കുന്ന ജാഗ്രതപോലുമില്ലാതെയാണെന്ന് ഇത്തരം നോട്ടുകളുടെ ചിത്രം സഹിതം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.
പടിയിറങ്ങാന്‍ തയ്യാറായതിനാലാണ് നോട്ടുകള്‍ റദ്ദാക്കിയ ശേഷം ഒരുതവണ മാത്രം മാധ്യമങ്ങളെ കണ്ടശേഷം ഊര്‍ജിത് പട്ടേല്‍ ഉള്‍വലിഞ്ഞതെന്ന സൂചനയുമുണ്ട്.

വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടത് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നുവെന്നതും ഈ നിഗമനത്തിനു ശക്തിപകരുന്നു. മോഡിയുടെയും റിസര്‍വ്വ് ബാങ്കിന്റെയും ബുദ്ധിശൂന്യമായ നടപടികളെ റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി വിഭാഗം കൈകാര്യം ചെയ്തിരുന്ന മുന്‍ ഡെപ്യൂട്ടി ഗവര്‍ണറും വിദേശനാണ്യ വിദഗ്ധനുമായ കെസി ചക്രവര്‍ത്തി ഇന്നലെ ലണ്ടനില്‍ അപലപിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ പിന്‍വലിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ സമയബന്ധിതമായി അച്ചടിച്ചിറക്കുകയും ചെയ്തില്ലെങ്കില്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും ദാരുണമായ സാമ്ബത്തിക തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *