ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും ചേര്‍ന്ന് 3.85 കോടി രൂപ തട്ടിയെന്നു ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍. 2002ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ക്ഷേമത്തിനുവേണ്ടി ടീസ്ത ആരംഭിച്ച എന്‍ജിഒയിലേക്കു വന്ന 9.75 കോടിയില്‍ 3.85 കോടി രൂപ ഇരുവരും ചേര്‍ന്നു തിരിമറി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. 83 പേജുള്ള സത്യവാങ്മൂലമാണ് ഗുജറാത്ത് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സെത്ല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും അവരുടെ ട്രസ്റ്റുകളായ സെന്റര്‍ ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ്, സബ്രാംഗ് എന്നിവയുടെ നിസഹകരണം തുടങ്ങിയവയെ സംബന്ധിച്ചും കലാപത്തിനിരയായവരുടെ പരാതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നതിനായുള്ള രേഖകള്‍ ലഭ്യമാക്കാന്‍ തയ്യാറായില്ല എന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഗുജറാത്ത് എസിപി രാഹുല്‍ ബി.പട്ടേലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സെത്ല്‍വാദിന്റെയും ഭര്‍ത്താവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതി അവരുടെ അറസ്റ്റ് തടഞ്ഞിരുന്നു.
