മോദി പ്രതിഛായയുടെ തടവിലെന്ന് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദി പ്രതിച്ഛായയുടെ തടവിലാണെന്നും അദ്ദേഹം ടിആര്‍പി റേറ്റിംഗ് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. മോദിയുടെ ഈ പ്രകടനത്തിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം അതിഭീമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടിആര്‍പി രാഷ്ട്രീയത്തില്‍ മാത്രമാണ് താത്പര്യം. സ്വന്തം പ്രതിച്ഛായയുടെ തടവില്‍ കഴിയുന്ന ഒരു പ്രധാനമന്ത്രിയെ ഇതേവരെ കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കിയിട്ടില്ല. സ്ഥാനങ്ങളിലിരിക്കുന്ന അനുഭവസമ്പത്തിനെ മറികടന്ന് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന ഒരു പ്രധാനമന്ത്രിയെയും കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. സ്വന്തം പൊങ്ങച്ചത്തിനായി രാജ്യത്തിന് ഇത്രയധികം കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ഒരു പ്രധാനമന്ത്രി ഇതുവരെ ഇന്ത്യയ്ക്കുണ്ടായിട്ടില്ല– രാഹുല്‍ ആരോപിച്ചു. പാക്കിസ്ഥാനെതിരായ മോദിയുടെ നടപടികളത്രയും പരാജയമായിരുന്നെന്നും അയല്‍രാജ്യത്തിനെതിരേ ഒരു നയം രൂപപ്പെടുത്താന്‍പോലും അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ബിജെപിയെ വളര്‍ത്താനായി ഒപ്പംതന്നെ രാജ്യവിരുദ്ധ ശക്തികളെ വളര്‍ത്തിയ നേതാവ് എന്ന നിലയിലായിരിക്കും മോദി ചരിത്രത്തില്‍ അടയാളപ്പെടുത്തുകയെന്നും രാഹുല്‍ പരിഹസിച്ചു. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മോദിക്കെതിരെ രാഹുലിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *