തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ്് അഴിമതി വിരുദ്ധ നിയമങ്ങള്‍ പഠിക്കണമെന്ന് ജേക്കബ് തോമസ്.
എല്ലാ തസ്തികകളിലും ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി വിജിലന്‍സ് നടത്തുന്ന അഴിമതിവിരുദ്ധ കോഴ്‌സുകൂടി പാസാകണം എന്ന നിബന്ധന കൂടി വരും.
എന്താണ് അഴിമതി നിരോധനനിയമമെന്നും അഴിമതിക്കാര്‍ക്കുള്ള ശിക്ഷയെന്താണെന്നും അഴിമതിയെ എങ്ങനെ പ്രതിരോധിക്കണമെന്നും പഠിപ്പിക്കുന്നതാണ് കോഴ്‌സ്. ഇതിനുള്ള സിലബസ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐ.എം.ജിയിലോ സര്‍ക്കാരിന്റെ 26 ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ ഒരാഴ്ച്ച അഴിമതിവിരുദ്ധ പരിശീലനം നേടിയശേഷമേ ഏത് തസ്തികയിലേക്കും ഇനി ജോലിക്ക് കയറാനാവൂ എന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.
അഴിമതിരഹിത ഭരണം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഭരണത്തില്‍ പങ്കാളിയാവുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം വച്ചത്. ഇതിനുള്ള ഉത്തരവ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് ഉടന്‍ പുറത്തിറക്കും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും സര്‍വകലാശാലകളിലും ബോര്‍ഡ്, കോര്‍പറേഷനുകളിലുമെല്ലാം പുതുതായെത്തുന്ന ജീവനക്കാര്‍ക്ക് ഇത് ബാധകമായിരിക്കുമെന്നും വിജിലന്‍സ് മേധാവി ജേക്കബ് തോമസ് പറഞ്ഞു.
വര്‍ഷംതോറും 32,000പേരാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഭരണപരമായ ചുമതലയുള്ളവര്‍ക്കൊഴിച്ച് യാതൊരു പരിശീലനവും നല്‍കാറില്ല. ഐ.എ.എസ്, ഐ.പി.എസ് സെലക്ഷന്‍ ലഭിക്കുന്നവരെ മുസൂറിയിലും പൊലീസ് അക്കാഡമികളിലും യു.പി.എസ്.സി പരിശീലനത്തിന് അയയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് പൊലീസിലും ഫയര്‍ഫോഴ്‌സിലും മാത്രമാണ് നിര്‍ബന്ധ പരിശീലനമുള്ളത്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ യാതൊരു പരിശീലനവും കൂടാതെ ജോലിയില്‍ കയറുന്ന ക്ലാര്‍ക്കുമാരും അസിസ്റ്റന്റുമാരും അഡിഷണല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവിയില്‍ വരെയെത്തുന്നുണ്ട്.
നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് രണ്ടാംഘട്ടത്തിലാവും അഴിമതിവിരുദ്ധ പരിശീലനവും കോഴ്‌സും നടത്തുക. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് കഴിഞ്ഞദിവസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിവിരുദ്ധ പരിശീലനം നല്‍കാന്‍ വിജിലന്‍സില്‍ എസ്പിയുടെ നേതൃത്വത്തില്‍ ട്രെയിനിങ് വിഭാഗം ആരംഭിക്കും. ജീവനക്കാരിലെ പുതിയ തലമുറയെ അഴിമതിവിരുദ്ധരായി വാര്‍ത്തെടുക്കാനാണ് ശ്രമം.’
