മലപ്പുറം: ഇന്ത്യന്‍ ഫുട്ബോളിന് കേരളം സമ്മാനിച്ച പ്രതിഭകളില്‍ ഒരാളായ മലപ്പുറം സ്വദേശി സി ജാബിര്‍ വാഹനാപകടത്തില്‍ മരിച്ചു. കേരളാപോലീസിന്റെയും കേരള സംസ്ഥാന ടീമിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രതിരോധം കാത്ത ജാബിറിന്റെ കാര്‍ ഞായറാഴ്ച രാത്രി ലോറിയുമായി കൂട്ടിയിടിച്ച് താരം മരണമടയുകയായിരുന്നു.
മുസഌയാരങ്ങാടി മില്ലുംപടിയില്‍ രാത്രി 10.30 യോടെയായിരുന്നു അപകടം. 1994 മുതല്‍ 96 വരെ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ബൂട്ട് കെട്ടിയ അദ്ദേഹം കേരളാ പോലീസ് ഫെഡറേഷന് കപ്പ് നേടിയപ്പോഴും ടീമില്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷമായി എംഎസ്പിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന അദ്ദേഹം മലപ്പുറം തെരട്ടമ്മലില്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്കി വരികയായിരുന്നു.
മലപ്പുറത്തെ പ്രാദേശിക മത്സരങ്ങളില്‍ കളിച്ച് തെളിഞ്ഞ അദ്ദേഹം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും കളിച്ചുവളര്‍ന്ന അദ്ദേഹം 1991 ല്‍ കേരളാപോലീസിലൂടെയാണ് പേരെടുത്തത്. പിന്നീട് മലപ്പുറത്ത് നിന്നും ദേശീയ കുപ്പായമണിഞ്ഞ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. റൈറ്റ് വിംഗ്ബാക്ക് പൊസിഷനിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.
