തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളോടും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടിലെ വലിയൊരു വിഭാഗം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട്.
വൈകാരികമായ ഒരു പ്രതികരണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള–തമിഴ്‌നാട് അതിര്‍ത്തികളില്‍ സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ബസുകള്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ കല്ലേറ് നടന്നിരുന്നു. കേരളത്തില്‍ നിന്നും കന്യാകുമാരി, കോയമ്പത്തൂര്‍, ഊട്ടി ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തരുതെന്നാണ് ഡിപ്പോകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം തമിഴ്‌നാട്– കര്‍ണാടക– കേരള അതിര്‍ത്തിയായ വയനാട് ചെക്ക് പോസ്റ്റ് പ്രദേശത്തും സുരക്ഷാ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും യൂണിഫോമില്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തമിഴ്‌നാട് ഡിജിപി ഞായറാഴ്ച രാത്രിയില്‍ പോലീസ് സ്റ്റേഷനുകളില്‍ വയര്‍ലെസ് സന്ദേശം നല്‍കിയിരുന്നു. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി പോലീസിന്റെ നിയന്ത്രണത്തിലാണ്.
തമിഴ്‌നാട് ജനത അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് സുരക്ഷാ വര്‍ധിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും പോലീസ് നിയന്ത്രണത്തിലാണ്. ജനങ്ങളുടെ ഭാഗത്ത് നിന്നും വൈകാരിക പ്രതികരണമുണ്ടാകുന്നത് ചെറുക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
