മന്ത്രിയുടെ പേരില്‍ വ്യാജ നിക്ഷേപമില്ല; കെ സുരേന്ദ്രനെതിരെ നിയമ നടപടിക്ക് ബാങ്ക് മാനേജര്‍

തിരുവനന്തപുരം: മന്ത്രിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വ്യാജനിക്ഷേപം ഉണ്ടെന്ന പേരില്‍ കടകം പള്ളി സര്‍വീസ് സഹകരണ ബാങ്കിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്പി ദീപക് അറിയിച്ചു.

ബാങ്കില്‍ ആദായ നികുതിവകുപ്പ് ഇത് വരെ പരിശോധന നടത്തിയില്ല. ബാങ്കിലുള്ള മുഴുവന്‍ നിക്ഷേപത്തിനും വ്യക്തമായ കണക്കുകള്‍ ഉണ്ട്. ഒരു രൂപയുടെ പോലും കള്ളപ്പണമില്ല. സുതാര്യമായ പണമിടപാടാണ് ബാങ്കില്‍ നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ പേരിലും കള്ളപ്പണമില്ല, നോട്ടുനിരോധനവും തുടര്‍ നിയന്ത്രണങ്ങളും വന്നതിന് ശേഷവും പഴയ നോട്ടുകള്‍ സ്വീകരിച്ചിട്ടില്ലെന്നും ദീപക് വ്യക്തമാക്കി.
രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പച്ചനുണയാണ് കെ സുരേന്ദ്രന്‍ പ്രചരിപ്പിയ്ക്കുന്നതെന്നും ദീപക് കുറ്റപ്പെടുത്തി.

അതേ സമയം, സത്യസന്ധമായ പ്രസ്താവനയുടെ പേരില്‍ ഏത് നടപടിയേയും സ്വാഗതം ചെയ്യുന്നതായി കെ സുരേന്ദ്രന്‍ പറഞ്ഞു. ബാങ്കില്‍ ആദായ നികുതിവകുപ്പ് മിന്നല്‍ പരിശോധന നടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ കള്ളപ്പളം കണ്ടെത്തിയെന്നുമായിരുന്നു സുരേന്ദ്രന്റെ നുണപ്രചാരണം. ഇത് ഒരി ദിനപത്രം ഏറ്റി പിടിയ്ക്കുകയും പിന്നാലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിയ്ക്കുകയും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *