ബെംഗളൂരു: ലൈംഗീകാരോപണത്തെത്തുടര്‍ന്ന് കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച്.വൈ മേത്തി രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചതായും രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ മേത്തി അറിയിച്ചു.
സഹായം തേടിയെത്തിയ സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ അശ്ശീല ദൃശ്യങ്ങള്‍ കഴിഞ്ഞ ഞായറാഴ്ച ഒരു പ്രാദേശിക ചാനല്‍ പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്.
ഇതേത്തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖര്‍ എന്നയാള്‍ മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത് വരികയായിരുന്നു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തന്നെ കാണാനെത്തിയ സ്ത്രീയെ മന്ത്രി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് രാജശേഖര്‍ ആരോപിച്ചത്.
സംഭവം വിവാദമായതോടെ മന്ത്രിയുടെ രാജിക്കായി വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യവുമുയര്‍ന്നു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ രാജിവെക്കുകയാണെന്നുമാണ് മേത്തി പറഞ്ഞത്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സത്യം അന്വേഷണത്തില്‍ പുറത്ത് വരട്ടയെന്നും അദ്ദേഹം പറഞ്ഞു.
