മെസ്സിയുടെ കൈവിരല്‍തുമ്പ് വിടാതെ കുഞ്ഞു മുര്‍താസ

ആറു വയസ്സുകാരനായ അഫ്ഗാന്‍ ബാലന്‍ മുര്‍താസയ്ക്ക് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമാണ്. പ്ലാസ്റ്റിക് കൂടു കൊണ്ടുണ്ടാക്കിയ മെസ്സിയുടെ പത്താം നമ്പര്‍ അര്‍ജന്റീന ജേഴ്‌സിയും ധരിച്ച് നില്‍ക്കുന്ന മുര്‍താസ അഹ്മ്മദിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആ മുര്‍താസ സാക്ഷാല്‍ മെസ്സിയെ തന്നെ നേരില്‍ കണ്ടിരിക്കുന്നു.

2022 ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ദോഹയില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനെത്തിനിടെയാണ് ഈ കൂടിക്കാഴ്ച്ച സംഭവിച്ചത്. ഖത്തര്‍ ക്ലബ്ബ് അല്‍ അഹ്ലിയും ബാഴ്‌സലോണയും തമ്മിലായിരുന്നു സൗഹൃദ മത്സരം.

മത്സരത്തിന് മുമ്പ് മെസ്സിയെ നേരില്‍ കണ്ട മുര്‍താസ പിന്നീട് മെസ്സി ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ കൈതുമ്പ്് പിടിച്ച് കൂടെ നടന്നു. മത്സരത്തിന് മുമ്പ്് ടോസിടുമ്പോഴും എതിര്‍ ടീം കളിക്കാരെ പരിചയപ്പെടുമ്പോഴുമെല്ലാം കുഞ്ഞു മുര്‍താസ മെസ്സിയുടെ കൈതുമ്പ്‌വിട്ടില്ല. മെസ്സിയെ വിട്ടുപോകാന്‍ സമ്മതിക്കാതെ വാശി പിടിച്ച മുര്‍താസയെ കിക്ക്ഓഫിന് തൊട്ടുമുമ്പ്് റഫറി വന്ന് ഗ്രൗണ്ടിന് പുറത്തേക്ക് എടുത്തു കൊണ്ടുപോകുകയായിരുന്നു.

അഫ്ഗാനിസ്ഥാനിലെ ജഗോരി ജില്ലയിലെ കിഴക്കന്‍ ഖാന്‍സി മേഖലയില്‍ നിന്നുള്ള മുര്‍താസയുടെ ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ജ്യേഷ്ഠന്‍ ഹുമയൂണാണ്. തന്റെ കുട്ടി ആരാധകന്റെ സ്‌നേഹത്തിന് സമ്മാനമായി മെസ്സി സ്വന്തം പേരിലുള്ള ജെഴ്‌സി മുര്‍താസയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയില്‍ അയച്ചു കൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *