പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം പിരിഞ്ഞു

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പൂര്‍ണമായും സ്തംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും രാജ്യസഭയും ലോക് സഭയും സ്തംഭിച്ചു. രാവിലെ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. തുടര്‍ന്ന് ലോക് സഭയും രാജ്യസഭയും നിര്‍ത്തിവച്ചു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നും നടപടികള്‍ തടസപ്പെട്ടു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. അതിനിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബില്‍ ലോക് സഭ പാസാക്കി. ബില്‍ പാസാക്കുമ്പോള്‍ പ്രധാനമന്ത്രിയും സഭയിലുണ്ടായിരുന്നു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണമെന്നും ചര്‍ച്ചയുടെ മുഴുവന്‍ സമയവും പ്രധാനമന്ത്രി സഭയിലുണ്ടാകണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭരണപക്ഷം തയാറാകാതെ വന്നതോടെ ശീതകാല സമ്മേളനം പൂര്‍ണമായും ബഹളത്തില്‍ മുങ്ങുകയായിരുന്നു. തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തിനെതിരേ രാഷ്ട്രപതി രൂക്ഷ വിമര്‍ശനം നടത്തിയെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതിനിടെ അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേന തലവന്‍ എസ്.പി.ത്യാഗിയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഭരണപക്ഷം തന്നെ ഒരു ദിവസം സഭ തടസപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *