ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് ശേഷം ചട്ടങ്ങളില്‍ മാറിമറിഞ്ഞ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ പരിഹസിച്ച് കോണ്‍ഗ്രസ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യ ആയെന്നാണ് പരിഹാസ രൂപേണയുള്ള കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം ആര്‍ഐബി 126 തവണ ചട്ടങ്ങള്‍ മാറ്റിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
നിരന്തരം വ്യവസ്ഥകള്‍ മാറ്റിയ ആര്‍ഐബിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി വസ്ത്രം മാറ്റുന്നത് പോലെയാണ് ആര്‍ഐബി വ്യവസ്ഥകള്‍ മാറ്റുന്നതെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
5000 രൂപയ്ക്ക് മുകളിലുള്ള അസാധുവായ നോട്ടുകളുടെ നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം. വിവാദ ഉത്തരവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ഐബി ഉത്തരവ് പിന്‍വലിച്ചത്.
ഡിസംബര്‍ 30 വരെ 5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ ഇനി ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കൂ എന്നായിരുന്നു ഉത്തരവ്. പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ എത്തുന്നവരെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് അത് രേഖപ്പെടുത്തി വെക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള കാലാവധി അവസാനിക്കാന്‍ പത്ത് ദിവസം കൂടി ശേഷിക്കെ ആര്‍ഐബി ഇനിയും വ്യവസ്ഥകള്‍ കൊണ്ടുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന
