ബംഗളൂരു: ഒറ്റനോട്ടത്തില്‍ ഒറിജിനലാണെന്ന് തോന്നുന്ന വിധം ഗ്ലിറ്റര്‍ പേനയും ഫോട്ടോകോപ്പി മെഷീനുപയോഗിച്ച് പുതിയ രണ്ടായിരം രൂപയുടെ വ്യാജനോട്ടുകള്‍ നിര്‍മിച്ച സംഘം അറസ്റ്റില്‍. നാലു ദിവസത്തോളം സംഘം വ്യാജനോട്ടുകളുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നത്. മധുകുമാര്‍, ശശാങ്ക്, കിരണ്‍ കുമാര്‍, നാഗരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇവര്‍ നല്‍കിയ നോട്ടുകള്‍ വ്യാജമാണെന്ന് സംശയം തോന്നിയ കടയുടമകളില്‍ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം വ്യാജനോട്ടുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.സുഹൃത്തിന്റെ കടയിലെ ഫോട്ടോകോപ്പി മെഷീനുപയോഗിച്ച് നോട്ടുകള്‍ പ്രിന്റ് ചെയ്ത് മുറിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് യഥാര്‍ഥ നോട്ടിലുള്ള പച്ച വരയ്ക്ക് ഗ്ലിറ്റര്‍ പേനയുപയോഗിച്ച് നിറം നല്‍കുകയായിരുന്നുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 25 നോട്ടുകളാണ് ഇത്തരത്തില്‍ ഇവര്‍ നിര്‍മിച്ചത്. ഇതില്‍ എട്ടു നോട്ടുകള്‍ കണ്ടെത്തി. ബാക്കിയുള്ളവയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
