ഡിഫ്തീരിയ പ്രതിരോധത്തിന് സഹകരിക്കണം: ജില്ലാ കലക്ടര്‍

മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് മുഴുവന്‍  മേഖലയിലുള്ളവരും സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ ടി. ഭാസ്‌ക്കരന്‍ അഭ്യര്‍ഥിച്ചു. ഡിഫ്തീരിയ ജില്ലയില്‍ നിന്ന് പൂര്‍ണമായും തുടച്ചുനീക്കുന്നതിന് രാഷ്ട്രീയ- സാമുദായിക- സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും മാധ്യമ സ്ഥാപനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ  അറിവും യോഗ്യതയും  ഇല്ലാത്തവര്‍ രോഗ പ്രതിരോധ കുത്തിവയ്പിനെതിരെ നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും കലക്ടര്‍ പറഞ്ഞു. തെറ്റിദ്ധാരണ മൂലം  ശാസ്ത്രീയമല്ലാത്ത ചികിത്സാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നവരെയും പ്രതിരോധ കുത്തിവയ്പിനോട് വിമുഖത കാട്ടുന്നവരെയും ബോധവത്ക്കരിക്കുന്നതിനായി ശ്രമങ്ങള്‍ ഊര്‍ജിതമാക്കും.  ഡിഫ്തീരിയ ബാധിച്ച് ജില്ലയില്‍ രണ്ടണ്‍് മരണം സംഭവിച്ചതും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഗൗരവമായി കാണണമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും  കലക്ടര്‍ പറഞ്ഞു.

16 വയസിന് താഴെയുള്ള 100 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാനും കുത്തിവെപ്പിനെതിരെയുള്ള പ്രചാരണങ്ങള്‍ ഫലപ്രദമായി തടയാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 14ന്് വളവന്നൂര്‍ പഞ്ചായത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ് പറഞ്ഞു. അടുത്ത ആഴ്ച വളവന്നൂരില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, മത സംഘടനാ പ്രതിനിധികള്‍ക്ക് കുത്തിവയ്പിനെക്കുറിച്ച് അവബോധം നല്‍കാനും പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കാനും ആവശ്യമായ ചര്‍ച്ചകള്‍ നടത്തും. കുത്തിവയ്പിനെതിരെ  പ്രചാരണങ്ങള്‍ നടത്തുന്ന വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്ന കാര്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്ന് ഡി.എം.ഒ. വ്യക്തമാക്കി.
ജില്ലയില്‍ 1,72,000 പേരാണ് ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍. ഇതില്‍ 22,000 കുട്ടികള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ നടത്തി കുത്തിവയ്പ് നല്‍കിയിട്ടുണ്ടണ്‍്. ബാക്കിയുള്ള കുട്ടികള്‍ക്കും കുത്തിവയ്പ് നല്‍കി പ്രതിരോധ പ്രവര്‍ത്തനം പൂര്‍ണതയിലെത്തിക്കാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *