ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ഒളിക്കാനൊന്നുമില്ലെന്ന് അണ്ണാ ഡിഎംകെ. എല്ലാം സുതാര്യമായിരുന്നു, ഒന്നും മറച്ചുവയ്ക്കാനില്ല. കോടതിയുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്നും പാര്‍ട്ടി വക്താവ് സി.ആര്‍.സരസ്വതി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയെ ചികില്‍സിക്കാനെത്തിയിരുന്നു. എങ്ങനെയാണ് 75 ദിവസം പാര്‍ട്ടി കള്ളം പറഞ്ഞു പിടിച്ചുനില്‍ക്കുകയെന്നും സരസ്വതി ചോദിച്ചു. മദ്രാസ് ഹൈക്കോടതി ജഡ്ജി വൈദ്യലിംഗം ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രസ്താവന.
ജയലളിതയുടെ മൃതദേഹം ദഹിപ്പിക്കാത്തത് സംശയകരമാണെന്നായിരുന്നു ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പല മാധ്യമങ്ങളും ഉയര്‍ത്തുന്ന സംശയം തനിക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകില്ലേയെന്നും കോടതി ആരാഞ്ഞു. സെപ്റ്റംബര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.
