തിരുവനന്തപുരം: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന 84–ാമതു ശിവഗിരി തീര്‍ഥാടനത്തിന് തുടക്കമായി. രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിച്ചു. ഇന്നു പുലര്‍ച്ചെ പര്‍ണശാലയില്‍ ശാന്തിഹവനത്തോടെയാണു തീര്‍ഥാടന ചടങ്ങുകള്‍ക്കു തുടക്കമായത്. 7.30ന് സ്വാമി പ്രകാശാനന്ദ ധര്‍മ പതാകോദ്ധാരണം നടത്തി. ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന ആരോഗ്യ സമ്മേളനം കേന്ദ്രമന്ത്രി ഡോ. ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30ന് നടക്കുന്ന ആധ്യാത്മിക സമ്മേളനം മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നു രാത്രി നടി മഞ്ജു വാരിയര്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ഥാടനം ഔദ്യോഗികമായി ഇന്നാണു തുടങ്ങുന്നതെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തീര്‍ഥാടന പ്രവാഹം ആരംഭിച്ചിരുന്നു. വര്‍ക്കലയും ശിവഗിരി കുന്നുകളും പീത പതാകയില്‍ മുങ്ങി. ആയിരക്കണക്കിനു ഗുരുദേവ ഭക്തരാണു തീര്‍ഥാടനത്തിനായി ശിവഗിരിയില്‍ എത്തുന്നത്. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന തീര്‍ഥാടന സമ്മേളനം കേന്ദ്രമന്ത്രി ഡോ.മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് നടക്കുന്ന കാര്‍ഷിക സമ്മേളനം മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന ശാസ്ത്ര–സാങ്കേതിക സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നിനു നടക്കുന്ന സംഘടനാ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സാഹിത്യ സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ഥാടന ദിവസങ്ങളില്‍ മഹാസമാധിയിലെ ഗുരുവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള മഞ്ഞപ്പട്ട് ശ്രീലങ്കയില്‍ നിന്ന് എത്തിച്ചു. ശ്രീലങ്ക–ഇന്ത്യ സൊസൈറ്റിയുടെ ചെയര്‍മാനും, ശ്രീലങ്ക ശ്രീനാരായണ സൊസൈറ്റിയുടെ ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററുമായ ടി.എസ്.പ്രകാശിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് മഞ്ഞപ്പട്ടുമായി ശ്രീലങ്കയില്‍ നിന്നും ശിവഗിരിയില്‍ എത്തി ചേര്‍ന്നത്. പ്രകാശാനന്ദ സ്വാമികള്‍ മഹാസമാധിയില്‍ വച്ചു മഞ്ഞപട്ട് ഏറ്റുവാങ്ങി. സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗസ്റ്റ് ഹൗസില്‍ നിന്നും തീര്‍ഥാടന സ്റ്റേജിലേക്കുള്ള മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡോ.ബി.സിരപാണി നിര്‍വഹിച്ചു. ഇത്തരത്തിലുള്ള ഒരു സൗകര്യം ആദ്യമായാണു ശിവഗിരിയില്‍ ഒരുക്കുന്നത്. ചടങ്ങില്‍ സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു. ശിവഗിരി തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതിനു ആദ്യ പദയാത്ര മയ്യനാട് എസ്എന്‍ഡിപി ശാഖയുടെ നേതൃത്വത്തില്‍ ബുധനാഴ്ച 12.30ന് മഹാസമാധിയിലെത്തില്‍ എത്തിച്ചേര്‍ന്നു. സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധര്‍മ്മവ്രത, ആറ്റിങ്ങല്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്നു ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി.
