തിരുവനന്തപുരം:കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാക്കി കടുത്ത നിലപാടില്‍ ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയുടെ നേതൃനിരയില്‍ പോലും ഇനിയുണ്ടാകില്ലെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഉമ്മന്‍ചാണ്ടി നേരിട്ടറിയിച്ചു. തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് മൂന്നുപേരും അഭ്യര്‍ത്ഥിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അത് തള്ളി. രാഷ്ട്രീയകാര്യ സമിതിയിലെ മറ്റ് അംഗങ്ങള്‍ക്ക് സമാനമായ ചുമതല മാത്രമേ പാര്‍ട്ടിക്കാര്യത്തില്‍ തുടര്‍ന്ന് നിര്‍വഹിക്കൂ എന്നാണ് മൂന്നുപേരെയും ഉമ്മന്‍ചാണ്ടി അറിയിച്ചത്.
ഡിസിസി പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായങ്ങള്‍ അവഗണിച്ച ഹൈക്കമാന്‍ഡിനോടുള്ള എതിര്‍പ്പാണ് വിട്ടുനില്‍ക്കലിന് കാരണം.
തീരുമാനം ആന്റണിയെ അറിയിച്ചെങ്കിലും കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് പ്രതിനിതികളെ അറിയിച്ചില്ല. അവരെ ഇക്കാര്യം അറിയിക്കേണ്ട ആവശ്യം പോലുമില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. തന്നെ അവഗണിക്കുന്ന ഹൈക്കമാന്‍ഡിനെ അതേ രീതിയില്‍ അവഗണിക്കുകയെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ നീക്കം.
ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തതിനാല്‍ രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ പറ്റിയിട്ടില്ല. യോഗം ചേരാനുള്ള തീയ്യതി നിശ്ചയിക്കാന്‍ തന്നോട് ആലോചിക്കേണ്ട കാര്യമില്ലെന്നും സമിതിയിലെ മറ്റ് അംഗങ്ങളെ കണക്കാക്കുന്നത് പോലെ മാത്രം തന്നെയും കണ്ടാല്‍ മതിയെന്നുമാണ് ഉമ്മന്‍ചാണ്ടി സുധീരനെയും മറ്റ് നേതാക്കളെയും അറിയിച്ചത്. സ്ഥലത്തുണ്ടെങ്കില്‍ പങ്കെടുക്കാമെന്ന നിലപാടും ഇതിന്റെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസിലെ പതിവ് രീതിയില്‍നിന്ന് വ്യത്യസ്തമാണിത്. കെപിസിസി നേൃയോഗം ചേരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഏറ്റവും മുതിര്‍ന്ന നേതാക്കളുടെ സൗകര്യപ്രദമായ ദിനം കൂടിയാലോചിച്ചാണ് തിയ്യതി നിശ്ചയിക്കാറ്. സമിതിയിലെ എല്ലാ അംഗങ്ങളുടെയും സൗകര്യം അന്വേഷിക്കാറില്ല. അത് പ്രായോഗികമല്ലെന്ന് ഒരു രാഷ്ട്രീയകാര്യ സമിതി അംഗം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പദവികള്‍ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിയെ നയിക്കാന്‍ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം സംസ്ഥാന കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രതിപക്ഷമെന്ന നിലയിലുമുള്ള എല്ലാ സുപ്രധാന തീരുമാനങ്ങളും ഉമ്മന്‍ചാണ്ടിയുമായി കൂടിയാലോചിച്ചാണ് ഇതുവരെ എടുത്തിട്ടുള്ളത്. ആ രീതിയില്‍നിന്നാണ് ഡിസിസി പുനഃസംഘടയനക്ക് ശേഷം ഉമ്മന്‍ചാണ്ടി പിന്മാറിയത്.
