ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ ബാങ്കിലൂടെ മാറ്റിവാങ്ങുന്നതിനായി പ്രധാനമന്ത്രി അനുവദിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിധന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ‘ഭീം’ എന്നാണ് ആപ്ലിക്കേഷന്റെ പേര്.
ആപ്പ് പുറത്തിറക്കുന്ന കാര്യം പ്രധാനമന്ത്രി നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ‘എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം കൈമാറുവാനും സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഞാന്‍ പുറത്തിറക്കും. സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഈ ആപ്പ് ജനങ്ങളെ സഹായിക്കും’ മോദി ട്വിറ്ററില്‍ കുറിച്ചു.
ഡിജിറ്റില്‍ സാമ്പത്തിക ഇടപാടുകള്‍ വ്യാപകമാവുന്നതോടെ അഴിമതിക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുമെന്നും പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വികസനസ്വപ്നങ്ങള്‍ പൂവണിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട അന്‍പത് ദിവസത്തെ സമയപരിധി ഇന്നോടെ അവസാനിക്കുകയാണ്. പുതുവത്സരാവില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുതകുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
‘ഭീം ആപ്പ്’ ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകുമെന്ന് പ്രധാനമന്ത്രി
‘നിങ്ങളുടെ പെരുവിരലിലാണ് നിങ്ങളുടെ ബാങ്കും ബിസിനസും. ഒരു വലിയ വിപ്ലവം വരികയാണ്. ഭീം ആപ്പ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമാകും’ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീം (ബിഎച്ച്ഐഎം) ആപ്പ് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിത്. ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് വേണമെന്ന നിര്‍ബന്ധമില്ല. കഴിഞ്ഞ 50 ദിവസങ്ങളായി മാധ്യമങ്ങള്‍ എന്നെക്കുറിച്ച് വാര്‍ത്ത നല്കുന്നു. സ്വന്തമായി മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ഇടപാടുകള്‍ ഡിജിറ്റല്‍ ആവുകയെന്നും അവര്‍ ചോദിച്ചിരുന്നു.
എന്നാല്‍, സര്‍ക്കാരിന്റെ പദ്ധതികള്‍ ക്രമപ്പെടുത്താന്‍ അത് സഹായിച്ചു. അതിനാല്‍ മാധ്യമങ്ങളോട് ഞാന്‍ നന്ദി പറയുന്നു. വരുന്ന ദിവസങ്ങളിലും മാധ്യമങ്ങള്‍ക്ക് ഒരുപാട് സഹായം ചെയ്യാന്‍ സാധിക്കും. 2017ല്‍ മാധ്യമങ്ങള്‍ ചോദിക്കുക, രണ്ടു മൊബൈല്‍ ഫോണുമായി കറങ്ങിനടന്നിട്ടും നിങ്ങള്‍ കാഷ്ലെസ് ആയില്ലേയെന്നാകും. നിങ്ങള്‍ ഒരിക്കലെങ്കിലും ഡിജിറ്റല്‍ പണമിടപാട് നടത്തൂ. നിങ്ങളതിനു അടിമപ്പെടും. ഞാന്‍ ഉറപ്പുനല്‍കുന്നു മോദി പറഞ്ഞു.
ലക്കി ഗ്രഹക് യോജനയും ഡിജിധന്‍ വ്യാപാര്‍ യോജനയും രാജ്യത്തിനുള്ള ക്രിസ്മസ് സമ്മാനങ്ങളാണ്. 100 ദിവസത്തിനുള്ളില്‍ ഒട്ടേറെ കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. 50 രൂപയില്‍ കൂടുതലോ 3000 രൂപയില്‍ കുറവോയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാകും സമ്മാനം നല്‍കുക. എങ്കില്‍ മാത്രമേ പാവങ്ങള്‍ക്കും വിജയിക്കാന്‍ സാധിക്കൂ. ഡോ.ബാബാസാഹബ് അംബേദ്കറുടെ ജന്മദിനത്തില് ഏപ്രില്‍ 14ന് ലക്കി ഡ്രോയുടെ തിരഞ്ഞെടുപ്പ് നടത്തും. അടുത്ത 100 ദിവസത്തേക്ക് 1000 രൂപ വിലയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. അതിന്റെ ഗുണം 15,000 പേര്‍ക്കു ലഭിക്കും.
ഒരിക്കല്‍ പാവപ്പെട്ടവര്‍ അംങ്കൂത ചാപ് (ഒപ്പിനു പകരം വിരലടയാളം പതിപ്പിക്കുന്നവര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നത് അവരുടെ വ്യക്തിത്വം തെളിയിക്കുന്ന ഒന്നായിത്തീര്‍ന്നു. അവരെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നമ്മുടെ രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മൂന്നു വര്‍ഷങ്ങള്‍ മുന്‍പുള്ള പത്രങ്ങള്‍ ശ്രദ്ധിക്കൂ. അഴിമതിയെക്കുറിച്ചുള്ളതായിരുന്നു അവയില്‍ അധികവും. എന്നാല്‍ ഇന്ന് വിജയത്തെക്കുറിച്ചുള്ള വാര്‍ത്തകളാണുള്ളതെന്നും മോദി പറഞ്ഞു.
