കോഴിക്കോട്: ആദ്യ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ത്രില്ലിലാണ് ലക്ഷദ്വീപ് ഫുട്‌ബോള്‍ ടീം. സന്തോഷ് ട്രോഫി കളിക്കാന്‍ കടല്‍കടന്നെത്തിയ അവരുടെ മുഖത്ത് ആവേശമുണ്ട്. പ്രത്യാശയുണ്ട്. നിശ്ചയദാര്‍ഢ്യവുമുണ്ട്. തമിഴ്‌നാടുമായി വെള്ളിയാഴ്ച വൈകീട്ട് 4.30 നാണ് ചരിത്രത്തിലേക്കുള്ള അവരുടെ കിക്കോഫ്.
ആദ്യമായിട്ടാണ് സന്തോഷ് ട്രോഫിയില്‍ ടീമിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. ഡിസംബര്‍ അവസാനമാണ് ടൂര്‍ണമെന്റിലേക്ക് ലക്ഷദ്വീപിന് എന്‍ട്രി ലഭിക്കുന്നത്. ഇതോടെ ടീമിനെ പെട്ടെന്ന് ഒരുക്കിയെടുക്കുകയായിരുന്നു.
ദേശീയ പോലീസ് ഫുട്‌ബോളില്‍ കളിച്ച കവറത്തി ക്ലബ്ബിലെ പരിചയസമ്ബന്നന്‍ ഇസ്മായിലാണ് നായകന്‍. സി ലെവല്‍ പരിശീലകന്‍ സിറാജ് ഖാലിദാണ് ടീമിനെ പരിശീലിപ്പിച്ചത്.
സന്തോഷ് ട്രോഫി ടീമിനെ പരിശീലിപ്പിക്കാന്‍ ബി ലൈസന്‍സ് വേണമെന്നതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കൂള്‍ ചീഫ് കോച്ച് സി.എം. ദീപക്കിനെ മുഖ്യപരിശീലകനാക്കി.
ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപ്രധാനമായ മത്സരമാണെന്ന് മാനേജര്‍ നാസര്‍ പടിപ്പുരയും സിറാജും പറഞ്ഞു. ദ്വീപില്‍ എല്ലാവരും ഫുട്‌ബോള്‍ കളിക്കും. അതുപോലെ ക്രിക്കറ്റും വോളിബോളും. എല്ലാ മത്സരങ്ങള്‍ക്കും പലപ്പോഴും ഒരേ കളിക്കാരായിരിക്കും. ഇവിടെയെത്തിയ ഫുട്‌ബോള്‍ ടീമില്‍ ക്രിക്കറ്റ് താരങ്ങളുണ്ട്, വോളിബോള്‍ കളിക്കാരുമുണ്ട്. പലപ്പോഴും കടപ്പുറത്താണ് ഞങ്ങളുടെ ഫുട്‌ബോള്‍ കളി.
കവറത്തിയില്‍ എട്ട് ക്ലബ്ബുകളുണ്ട്. മൊത്തം ദ്വീപില്‍ അന്‍പതോളം ടീമുകളാണുള്ളത്. എതാണ്ട് പത്തുവര്‍ഷംമുന്‍പാണ് ഫുട്‌ബോള്‍ അസോസിയേഷന് രജിസ്‌ട്രേഷന്‍ കിട്ടിയത്. സര്‍ക്കാര്‍ നടത്തുന്ന ടൂര്‍ണമെന്റുകളാണുള്ളത്. ജനുവരി 26നും ഓഗസ്റ്റ് 15നുമാണ് ടൂര്‍ണമെന്റ് നടക്കുക. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ പ്രൈസ് മണി മത്സരങ്ങളും നടക്കും. ലക്ഷദ്വീപ് ക്ലബ്ബാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലീഗ് ചാമ്ബ്യന്‍മാര്‍. കഴിഞ്ഞ വര്‍ഷമത് റെഡ് ചില്ലീസ് എന്ന ക്ലബ്ബിനവകാശപ്പെട്ടതായി അവര്‍ പറഞ്ഞു.
കോഴിക്കോട്ട് കളിക്കുന്ന ടീമില്‍ ക്യാപ്റ്റന്‍ ഇസ്മായിലിനു പുറമേ സാജിദ് ജാഫര്‍, അയ്യൂബ് എന്നിവര്‍ സിവില്‍ ഫുട്‌ബോള്‍ താരങ്ങളാണ്. മഷൂര്‍, റിയാസ് എന്നിവര്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ താരങ്ങളും രണ്ടു താരങ്ങള്‍ സുബ്രതോ കപ്പ് താരങ്ങളുമാണ്.
