മഞ്ചേരി : മെഡിക്കല്‍ വിദ്യാര്‍ഥി ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാസങ്ങളായി കറങ്ങിനടന്ന യുവാവിനെ ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മഞ്ചേരി നെല്ലികുത്ത് തേക്കിന്‍തൊടി ഷിബിന്‍(20)ആണ് ഈ വിരുതന്‍. എംബിബിഎസിന് പഠിക്കുകയാണെന്ന് ബോധ്യപ്പെടുത്തിയാണ് യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഓവര്‍കോട്ടും സ്‌റ്റെതസ്‌കോപ്പുമായി കറങ്ങി നടക്കുകയായിരുന്നു യുവാവ്. മാസങ്ങളായിട്ടും ആര്‍ക്കും പന്തികേട് തോന്നിയിയിരുന്നില്ല. ഇതിനിടയില്‍ ലാബിലും ഫാര്‍മസിയിലും ഇയാള്‍ ഡ്യൂട്ടിയെടുത്തപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയില്ലെന്നതാണ് ഏറെ കൗതുകം. സ്ഥിരമായി ക്ലാസില്‍ കയറാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാര്‍ കാര്യങ്ങള്‍ ആരാഞ്ഞെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. വിശദീകരണത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഒരാഴ്ചയായി യുവാവിനെ നിരീക്ഷിക്കുകായിരുന്നു. മെഡിസിന്‍ വിദ്യാര്‍ഥിയല്ലെന്ന് ബോധ്യമായതോടെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
മെഡിസിന്‍ വിദ്യാര്‍ഥിയായി സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ ഫാര്‍മസി, ലാബ്, ഒപി, എക്‌സറേ യൂണിറ്റ് എന്നിവിടങ്ങളില്‍ സ്ഥിരമായി കയറിയിറങ്ങിയതായി ജീവനക്കാര്‍ പറയുന്നു. പുസ്തകത്തിനും മറ്റും സാമ്പത്തിക പ്രയാസമുണ്ടെന്ന് പറഞ്ഞ് ജീവനക്കാരില്‍ പണം തട്ടിയതായും ആരോപണമുണ്ട്.
സംഭവത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂറ മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ യുവാവ് നേരിയ മാനസിക പ്രശ്‌നം നേരിടുന്നയാളാണെന്ന് സംശയിക്കുന്നതായും ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്സെടുത്ത് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു. രക്ഷിതാക്കള്‍ എത്തുന്നപക്ഷം ജാമ്യം അനുവദിച്ചേക്കും.
