ജിഷ കേസ്: ആദ്യ സംഘത്തെ മാറ്റിയത് യുഡിഎഫിന് ക്രെഡിറ്റ് ലഭിക്കാതിരിക്കാന്‍: ചെന്നിത്തല

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അന്വേഷിച്ച ആദ്യ സംഘത്തെ മാറ്റിയത് യുഡിഎഫ് സര്‍ക്കാരിന് ക്രെഡിറ്റ് പോകാതിരിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ ജിഷ വധക്കേസില്‍ യുഡിഎഫ് സര്‍ക്കാരിന് വീഴ്ചപറ്റിയില്ലെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യ വധക്കേസിന്റെ അവസ്ഥ ജിഷ കേസിന് വരരുത്. ജിഷ കേസിലെ ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ആദ്യ അന്വേഷസംഘം ശേഖരിച്ച മുഴുവന്‍ തെളിവുകളും ഹാജരാക്കിയില്ല.
യുഡിഎഫ് കാലത്ത് അന്വേഷിച്ച സംഘം കാര്യക്ഷമായി അന്വേഷിച്ചു എന്നാണ് മനസിലാക്കുന്നത്. ആദ്യത്തെ സംഘത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പൊലീസ് നല്‍കിയ മറുപടി ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. ആദ്യ അന്വേഷണസംഘം തെളിവുകള്‍ നശിപ്പിച്ചിട്ടില്ല എന്നാണ് പൊലീസ് തന്നെ പറയുന്നത്. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ പ്രചാരണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *