70,000 കോടിയുടെ അഴിമതി

ന്യൂഡല്‍ഹി: വിമാനം വാങ്ങലുകളുമായി ബന്ധപ്പെട്ട എയര്‍ ഇന്ത്യയൂടെ നീക്കങ്ങള്‍ വിവാദത്തിലേക്ക്. പാട്ടത്തിനും സ്വന്തമായും എയര്‍ ഇന്ത്യ വാങ്ങിക്കൂട്ടിയ വിമാന ഇടപാടുകള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 20052006 കാലഘട്ടത്തിനിടയില്‍ എയര്‍ ഇന്ത്യ വാങ്ങിയ വിമാന ഇടപാടുകള്‍ സംശയത്തിന്റെ നിഴലിലാണെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
സെന്റര്‍ഫോര്‍ പബല്‍ക് ഇന്ററെസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയ ഇനത്തില്‍ 70,000 കോടിയുടെ അഴിമതി നടന്നതായിട്ടാണ് ആരോപണം.
111 വിമാനങ്ങള്‍ വാങ്ങിയ ഇടപാടും ചില വിമാനങ്ങള്‍ പാട്ടത്തിന് വാങ്ങിയതും അന്വേഷിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്.
അതേസമയം 2013 ല്‍ സിബിഐ ഇക്കാര്യത്തില്‍ കേസ് ഫയല്‍ ചെയ്തതാണെന്നും 55 സാക്ഷികളെ വിസ്തരിച്ചതാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്‌തോഗി അറിയിച്ചു. പി ചിദംബരത്തിന് കീഴില്‍ നിയമമന്ത്രിയായിരുന്ന എച്ചആര്‍ ഭരദ്വാജും വ്യോമയാനമന്ത്രിയായിരുന്ന പ്രഫുല്‍പട്ടേലും ഉള്‍പ്പെട്ട ഒരു കൂട്ടം മന്ത്രിമാരുടെ സമിതിയായിരുന്നു ഇടപാട് നടത്തിയത്. 2005 ഡിസംബര്‍ 24 ന് ബോയിംഗും ജി ഇ യുമായിട്ടായിരുന്നു ചര്‍ച്ച.
ഇതിനൊപ്പം എയര്‍ ഇന്ത്യയ്ക്കായി ബയോമെട്രിക് സിസ്റ്റം വാങ്ങിയതുമായി ബന്ധപ്പെട്ടും അഴിമതി നടന്നതായി ആരോപണമുണ്ട്. ഇക്കാര്യത്തില്‍ 1000 കോടി ചെലവായത് അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ അഴിമതി നടന്നതായി കാനഡയിലെ പരമോന്നത കോടതി ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നും സംഘടനയ്ക്കായി ഹാജരായ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ചെലവില്‍ തിരക്കേറിയ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്ബനികള്‍ക്ക് അനുവദിച്ചതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *