കോഴിക്കോട്: ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ നിഷേധിക്കുന്നതിനെതിരേ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരുള്‍പ്പെടെയുള്ളവര്‍ക്കു പരോള്‍ നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രസ്താവന. ടി.പി കേസ് പ്രതികള്‍ക്കു പരോള്‍ നിഷേധിച്ചത് എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 27 തടവുകാരുടെ പരോള്‍ അപേക്ഷയില്‍ രണ്ടുപേരുടെ കാര്യത്തില്‍ മാത്രമാണ് അനുകൂല തീരുമാനം ഉണ്ടായതെന്നാണ് വാര്‍ത്ത. ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് ഒരു നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ഇടക്കാല ലീവിന് അര്‍ഹതയുണ്ട്. രണ്ടരമാസത്തിനിടയില്‍ 15 ദിവസം പരോള്‍ അനുവദിക്കാം. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാതിരിക്കാനുള്ള നിയമവിരുദ്ധ ഇടപെടലാണ് യുഡിഎഫ് ഭരണകാലത്തുണ്ടായത്. നാലര വര്‍ഷക്കാലമായി അവര്‍ക്ക് പരോള്‍ കിട്ടിയിട്ടില്ല. ഇപ്പോള്‍ വലതുപക്ഷ മാധ്യമങ്ങളാണ് ഈ ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ 25 പേര്‍ക്കും പരോള്‍ നിഷേധിച്ചപ്പോള്‍ അതില്‍ ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ മാത്രമല്ല എട്ട് വര്‍ഷത്തിലേറെയായി ഒരു ദിവസം പോലും പരോള്‍ ലഭിക്കാത്ത മറ്റ് തടവുകാരുമുണ്ട്– ജയരാജന്‍ പറഞ്ഞു. ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ നാലുപേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെന്നും ഇവര്‍ക്കെല്ലാം ജാമ്യം നിഷേധിച്ചപ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയുള്ള അനുഭവമാണ് ഉണ്ടായതെന്നും ജയരാജന്‍ പറഞ്ഞു. തടവുകാരുടെ നിയമപരമായ അവകാശം നിഷേധിക്കുന്നതിനെതിരെ മനുഷ്യസ്‌നേഹികളുടെ പ്രതിഷേധമുയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
