14 ശതമാനം വരുന്ന മുസ്ലിങ്ങളെ മുഖ്യധാരയില്‍ നിന്ന് ആട്ടിയിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്പയിന്‍

കോഴിക്കോട്: ഭരണകൂട ഭീകരതക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ ‘ജനജാഗരണ’ കാമ്ബയിന് തുടക്കമായി. കേന്ദ്ര  സംസ്ഥാന സര്‍ക്കാറുകളുടെ ഭരണ ഭീകരതക്കെതിരെയുള്ള പ്രതിഷേധ സൂചകമായാണ് പതിനായിരങ്ങള്‍ അണി നിരന്ന റാലിയോടെ കാമ്ബയിന് തുടക്കം കുറിച്ചത്. ഭീകരതയുടെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തുന്നത് അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും മതേതര ഇന്ത്യയില്‍ ഇത്തരം നീചമായ ഭരണ വിളയാട്ടങ്ങള്‍ ഒരു രീതിയിലും വെച്ച് പൊറുപ്പിക്കില്ലെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.

ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെയുള്ള ചെറുത്ത് നില്‍പിന് എന്നും സജ്ജമാണെന്ന മുറവിളികളോടെയാണ് പ്രവര്‍ത്തകര്‍ മുതലക്കുളം മൈതാനിലേക്ക് ഒഴുകിയെത്തിയത്.
മുസ്ലിം യുവാക്കളെ ഭീകരവാദവും തീവ്രവാദവും ആരോപിച്ച് കള്ളക്കേസില്‍ കുടുക്കുന്നതും കസ്റ്റഡിയിലെടുത്ത് വിചാരണയുടെ പേരില്‍ ജീവിതം നശിപ്പിക്കുന്നതും ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് തീരാ കളങ്കമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജനസംഖ്യയുടെ 14 ശതമാനം വരുന്ന മുസ്ലിം സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് ആട്ടിയിറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നിയമം കാത്ത് സൂക്ഷിക്കേണ്ടവര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. മതേതര മനസ്സുള്ളവരെ കൂട്ടിയോജിപ്പിച്ച് പ്രതിഷേധിക്കാനും പ്രതിരോധ വലയം തീര്‍ക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.

മുസ്ലിം വേട്ടക്കെതിരെ ജനജാഗരണം’ എന്ന പേരില്‍ വിവിധ ജില്ലകളില്‍ നടത്തുന്ന ക്യാമ്ബയിന്റെ സംസ്ഥാന തല ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ഇ അഹ് മദ് എം പി ആമുഖ പ്രഭാഷണവും ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *