തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ഷാബു. നെഹ്‌റു കോളജില്‍ കോപ്പിയടി സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോപ്പിയടിച്ചെങ്കില്‍ ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ ഇവിടെ അങ്ങനെയുണ്ടായിട്ടില്ലെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ഡോ.ഷാബു വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ജി.പി.പത്മകുമാറിനൊപ്പം കോളജില്‍ തെളിവെടുപ്പിന് എത്തിയപ്പോഴായിരുന്നു ഷാബു ഇക്കാര്യം പറഞ്ഞത്.
യൂണിവേഴ്‌സിറ്റി പരീക്ഷാ ഹാളില്‍ സമീപത്തിരുന്ന വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് നോക്കിയെഴുതിയ ജിഷ്ണുവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ ഉപദേശിക്കുകയും പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയ കുട്ടിയോടു ചെയ്തതു തെറ്റാണെന്നും ആവര്‍ത്തിച്ചാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡീബാര്‍ ചെയ്യുമെന്നും പറയുകയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ അടുത്തിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസു നോക്കി എഴുതി എന്നാരോപിച്ചു ചില വിദ്യാര്‍ത്ഥികളെ പരസ്യമായി ശാസിക്കുകയും ക്ലാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും ചെയ്തിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആരോപണം. ഇതില്‍ മനംനൊന്തു ജിഷ്ണു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തുവെന്നാണു പറയുന്നത്. ഇതിനെതിരെയും കോളജില്‍ നടക്കുന്ന മാനസിക പീഡനത്തിന് എതിരെയും മനുഷ്യാവകാശ കമ്മിഷന്‍ അടക്കമുള്ള ഏജന്‍സികളുടെ സമഗ്രാന്വേഷണമാണു വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയും ഒന്നാംവര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയുമായ ജിഷ്ണു പ്രണോയി (18)യെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
