ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. 2022ഓടെ ഹജ് തീര്‍ഥാടകര്‍ക്കുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്ന 2012ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. സബ്‌സിഡിയില്ലാതെ ഹജ് തീര്‍ഥാടനം നടത്തുന്നതിനുള്ള വഴികളാണ് കേന്ദ്രം അന്വേഷിക്കുന്നത്.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവ് വരുത്തിയ സൗദി ഇന്ത്യയുടെ വാര്‍ഷിക ക്വാട്ട 34,500 ആയാണ് വര്‍ധിപ്പിച്ചത്. നേരത്തെ, സബ്‌സിഡി തുകയായി വര്‍ഷം തോറും നല്‍കുന്ന 650 കോടി രൂപ ആ വിഭാഗത്തിന്റെ വിദ്യാഭ്യാസ–സാമൂഹിക ഉന്നമനത്തിനായി വിനിയോഗിക്കണമെന്നാണ് സുപ്രീംകോടതി വിധിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പായി കമ്മിറ്റി വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കമ്മിറ്റിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *