അധിക ചാര്‍ജ് പമ്പുടമകളും എണ്ണകമ്പനികളും വഹിക്കണം

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പെട്രോള്‍ പമ്ബുകളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വഹിക്കേണ്ടത് ബാങ്കുകളും എണ്ണക്കമ്ബനികളുമാണെന്ന് (ഒഎംസി) കേന്ദ്രം അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടില്‍ പമ്ബുടമകളോ ഉപഭോക്താക്കളോ അധികബാധ്യത വഹിക്കേണ്ടിവരില്ല. കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് വിളിച്ച യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടെ, പമ്ബുകളിലെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് തുടരുന്ന തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായി.

നേരത്തേ, ഡിജിറ്റല്‍ പണമിടപാടിന് പെട്രോള്‍ പമ്ബുടമകളില്‍നിന്ന് സര്‍വിസ് ചാര്‍ജ് ഈടാക്കിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ജനുവരി ഒമ്ബതു മുതല്‍ പമ്ബുകളില്‍ കാര്‍ഡെടുക്കില്ലെന്ന നിലപാടിലേക്ക് ഉടമകളെത്തി. എന്നാല്‍, വിഷയത്തില്‍ ഇടപെടാമെന്ന സര്‍ക്കാറിന്റെ ഉറപ്പിനെതുടര്‍ന്ന് വെള്ളിയാഴ്ചവരെ കാര്‍ഡെടുക്കാമെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.

ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഇനത്തില്‍ വരുന്ന അധികതുകയുടെ ബാധ്യത ബാങ്കുകള്‍ക്കും എണ്ണക്കമ്ബനികള്‍ക്കുമാണ്. ഇത് എങ്ങനെ വിഹിതം വെക്കണമെന്ന് ഇരുവരും കൂടിയിരുന്ന് തീരുമാനിക്കട്ടെയെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *