പിന്തുണ തേടി വി എം സുധീരന്‍ പാണക്കാട്ട്

മലപ്പുറം: കോണ്‍ഗ്രസ് പടലപിണക്കം രൂക്ഷമായ സാഹചര്യത്തില്‍ യു ഡി എഫ് രണ്ടാംകക്ഷിയായ മുസ്ലിം ലീഗ് പിന്തുണ തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരന്‍ പാണക്കാട്ടെത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍  എയുടെ സാന്നിധ്യത്തില്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് സുധീരന്‍ ചര്‍ച്ച നടത്തി. യു ഡി എഫ് പ്രതിപക്ഷത്തായിരിക്കെ മുഖ്യ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ പടലപിണക്കത്തിനെതിരെ കഴിഞ്ഞ ദിവസം ലീഗ് അതൃപ്തി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന യു ഡി എഫ് യോഗത്തിലടക്കം മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തിനെക്കുറിച്ച് രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു.  ഈ സാഹചര്യത്തിലാണ് സുധീരന്റെ സന്ദര്‍ശനം. റേഷന്‍ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് കിട്ടാതായിരിക്കുന്നു. സാമൂഹ്യ പെന്‍ഷനുകളും ബന്ധപ്പെട്ടവര്‍ക്ക് കിട്ടാതായിരിക്കുന്നു. ഇത്തരം വിഷയം ഏറ്റെടുത്ത് സര്‍ക്കാരിനെതിരെ യു ഡി എഫിന് വ്യക്തമായ സമരം നടത്താന്‍ കഴിയാത്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം മൂലമാണെന്ന് ലീഗ് നേതാക്കള്‍ സുധീരനെ അറിയിച്ചു.

 
ഡി സി സി പ്രസിഡന്റുമാരെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമായത്. കോണ്‍ഗ്രസ് ആചാര്യന്‍ കെ കരുണാകരന്റെ അനുസ്മരണ യോഗത്തില്‍ മകന്‍ കെ മുരളീധരന്‍ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് പരസ്യ നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടഞ്ഞത്. മുരളിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയതോടെയാണ് വീണ്ടും പാര്‍ട്ടി ലൈനില്‍ കോണ്‍ഗ്രസില്‍ ഏറ്റുമുട്ടലുണ്ടായത്. ഈ വിവാദം യു ഡി എഫിനെ ബാധിക്കുമെന്ന നിലവന്നപ്പോഴാണ് ലീഗ് പരസ്യമായി അതൃപ്തി അറിയിച്ചത്. ഈ സാഹചര്യത്തെ തുടര്‍ന്നാണ് കെ പി സി സി പ്രസിഡന്റ് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ലീഗിനെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഹൈദരലി തങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷം  ഇന്നലെ മാധ്യമപ്രവര്‍ത്തകരെ കണ്ട സുധീരന്‍ കോണ്‍ഗ്രസില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ലെന്നാണ് പ്രതികരിച്ചത്. പ്രശ്‌നങ്ങള്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പു കളിച്ചാല്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോവുമെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞിരുന്നു.

 

ആന്റണിയുടെ പരാമര്‍ശം അറിയിച്ചപ്പോള്‍ ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് യു.ഡി.എഫ് സംഘടിപ്പിക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആന്റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഒരുവീട്ടിലെ സഹോദരങ്ങള്‍ തമ്മിലുണ്ടാകുന്ന അതൃപ്തിയേ ഉമ്മന്‍ചാണ്ടിക്കുളളൂ. ഇതു പരിഹരിക്കാനാവും. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ലീഗ് അസ്വസ്ഥരാണെന്ന പ്രചാരണം തെറ്റാണ്. സമര കണ്‍വെന്‍ഷനില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ ഊര്‍ജ്ജസ്വലമായി യു.ഡി.എഫ് മുന്നോട്ടുപോവുമെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *