ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തനെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഡിസിസി പുനഃസംഘടനയുടെ പേരില്‍ നേതൃത്വവുമായി ഇടഞ്ഞു നിന്ന ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കു പറയാനുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇനിയുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനിന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതേമസയം, ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷനുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പലതും വസ്തുതാവിരുദ്ധവും അതിശയോക്തിപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരുടെ നോമിനേഷന് എതിരായിയൊന്നും പറഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാന്റും എനിക്കില്ല. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം എനിക്ക് ശക്തമായിട്ടുണ്ട്. അത് പുതിയതല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
