ചരക്കു സേവന നികുതി നടപ്പാക്കല്‍ ജൂലൈ ഒന്നിലേക്കു മാറ്റി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് ജൂലൈ ഒന്നിലേക്കു മാറ്റി. നികുതി പിരിക്കുന്നതില്‍ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ഏപ്രില്‍ ഒന്നില്‍നിന്നു ജൂലൈ ഒന്നിലേക്കു ജിഎസ്ടി പ്രാബല്യത്തില്‍വരുന്നതു മാറ്റിയത്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനുശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. നികുതി പിരിവില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചതിന് ശേഷമുള്ള ഒമ്പതാമത്തെ യോഗമാണ് നടക്കുന്നത്. ഒന്നരകോടിക്ക് താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ നികുതിപിരിക്കാനുള്ള അധികാരം പങ്കിടാം എന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലുടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണെന്നും ഇക്കാരണത്താല്‍ കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും സംസ്ഥാനങ്ങള്‍ വാദിക്കുന്നു.

തീരദേശത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ നിലയുറപ്പിക്കുന്ന കപ്പലുകളില്‍ നിന്നടക്കം നികുതി പിരിക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെയും തര്‍ക്കം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *