ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍നിന്നു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ കടങ്ങള്‍ തിരിച്ചുപിടിക്കാമെന്ന് ട്രൈബ്യൂണല്‍ ഉത്തരവ്. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബിവറേജസ് എന്ന മദ്യകന്പനി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍നിന്നാകും ബാങ്കുകള്‍ കടം തിരിച്ച് പിടിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മക്ക് 9000 കോടി രൂപയാണ് വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കടം വരുത്തിയിരിക്കുന്നത്. 17 ബാങ്കുകളാണ് ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നത്. വായ്പ തിരിച്ചടയ്ക്കാതെ രാജ്യസഭാ എംപി കൂടിയായ മല്യ കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യം വിടുകയായിരുന്നു. നിലവില്‍ ബ്രിട്ടനിലുള്ള മല്യക്കെതിരേ ഇന്ത്യയില്‍ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.
കടം തിരിച്ചുപിടിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കു പുറമെ ബാങ്കുകള്‍ക്ക് വലിയ നഷ്ടം വരുത്തിവച്ച മല്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും എസ്ബിഐ ട്രൈബ്യൂണലിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.
