കൊല്‍ക്കൊത്ത: ആന്ധ്രാപ്രദേശില്‍ ഹിരഖണ്ഡ് എക്‌സ്പ്രസ് അപകടത്തില്‍ പെട്ട് 36 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. റെയില്‍വേയോടുള്ള അവഗണനയും യാത്രക്കാരുടെ സുരക്ഷയ്ക്ക് കുറഞ്ഞ പരിഗണന മാത്രം നല്‍കുന്നതുമാണ് ഇത്തരം അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് മുന്‍ റെയില്‍വേ മന്ത്രികൂടിയായ മമത പറഞ്ഞു.
രാജ്യത്തിന്റെ ജീവനാഡിയാണ് റെയില്‍വേ. കോടികണക്കിന് ആളുകളാണ് റെയില്‍വേയെ ആശ്രയിച്ച് ദിവസവും യാത്ര ചെയ്യുന്നത്. റെയില്‍വേ ജീവനക്കാരില്‍ അഭിമാനമുണ്ട്. എന്നാല്‍ അടുത്ത നാളിലായി റെയില്‍വേ കടുത്ത അവഗണനയിലും കുറഞ്ഞ പരിഗണനയുമാണ് ലഭിക്കുന്നത്. റെയില്‍വേ വിഹിതം വെട്ടിക്കുറച്ചു.
സുരക്ഷിതത്വവും ഉറപ്പും വിട്ടുവീഴ്ച ചെയ്തു. ഖേദകരമെന്ന് പറയട്ടെ, ഇന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മമത പ്രസ്താവനയില്‍ പറഞ്ഞു.
അപകടത്തില്‍ താന്‍ റെയില്‍വേ മന്ത്രിയെ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും മമത പറഞ്ഞു. ആന്ധ്രയിലെ കുനേരുവില്‍ ഇന്നലെ രാത്രി 11 മണിയോടെ ജഗ്ദല്‍പുര്‍ ഭുവനേശ്വര്‍ എക്‌സ്പ്രസിന്റെ ഒന്‍പത് കോച്ചുകള്‍ അപകടത്തില്‍പെട്ട് 36 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
