മഞ്ചേരി: മഞ്ചേരിയില്‍ 72 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ചേരി വീമ്പൂര്‍ സ്വദേശികളായ പുലികുത്ത് മന്‍സൂര്‍, മുട്ടേങ്ങാടന്‍ ഷഹീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ 2000 രൂപയുടെ നോട്ടുകളാണ് പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
ഞായറാഴ്ച രാവിലെയാണ് മഞ്ചേരി നെല്ലിപ്പറമ്പില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന കുഴല്‍പണം പോലീസ് പിടികൂടിയത്. കാറിന്റെ ഡോര്‍പാടിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഒരാഴ്ച മുമ്പാണ് മഞ്ചേരിയില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ പിടികൂടിയത്. പിടികൂടിയത് പൂര്‍ണ്ണമായും 2000 ത്തിന്റെ പുതിയ നോട്ടുകളാണ്. പുതിയ നോട്ടിറങ്ങിയ ശേഷം കേരള പോലീസ് പിടികൂടുന്ന ഏറ്റവും വലിയ കുഴല്‍പണവേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്. പിടികൂടിയവരെ ചോദ്യം ചെയ്തതില്‍നിന്നും ബാംഗ്ലൂര്‍,മൈസൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുഴല്‍പണ മാഫിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി, പി എം പ്രദീപിന്റെ നേതൃത്വത്തില്‍ മഞ്ചേരി സി ഐ, കെ എം ബിജു, എസ് ഐ കൈലാസ്‌നാഥ്, എന്നിവരുടെ നേതൃത്വത്തിലുളള സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്.
