ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സമരത്തെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. ചെന്നൈയിലെ ഐസ് ഹൗസ് സമരക്കാര്‍ തീയിട്ടു. പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീയിട്ടത് സ്റ്റേഷനിലേക്ക് പടര്‍ന്നതാവാനാണ് സാധ്യത. സമരക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. മറീന ബീച്ചില്‍ പൊലീസ് തങ്ങളെ മര്‍ദിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. തീരത്തിനടുത്ത് കൈകോര്‍ത്ത് നിന്ന് സമരക്കാര്‍ ഒഴിപ്പിക്കല്‍ നടപടി ചെറുക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ കടലില്‍ ചാടുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ പൊലീസും പ്രതിരോധത്തിലായി. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി താത്കാലികമായി നിര്‍ത്തിവെച്ചു.
അളകനെല്ലൂര്‍ ഉള്‍പടെയുള്ള പ്രദേശങ്ങളില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പലയിടത്തും സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതിനെതുടര്‍ന്ന് സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയുമുണ്ടായി. സമരം നടക്കുന്ന മറീന ബീച്ചിലേക്കുള്ള റോഡുകള്‍ പൊലീസ് ഉപരോധിച്ചതിനെ തുടര്‍ന്ന് കടല്‍വഴിയും ജനങ്ങള്‍ പ്രതിഷേധ സ്ഥലത്ത് എത്തുന്നുണ്ട്. ബീച്ചില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോയമ്പത്തൂരില്‍ മീനാക്ഷി ഹാളില്‍ സമരം ചെയ്ത നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മറീനബീച്ചിലെ സമരക്കാരെ പൊലീസ് നേരിട്ടത് നിരാശാജനകമാണെന്ന് ഡി.എം.കെ വര്‍കിങ് സെക്രട്ടറി എം.കെ. സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മറീന ബിച്ചില്‍ നിന്ന് സമരക്കാര്‍ ഒഴിഞ്ഞു പോകാന്‍ തയാറായിരുന്നു. ഇതിനിടെയാണ് പൊലീസ് നടപടിയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
