ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. ജെല്ലിക്കെട്ട് പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണുള്ളത്. ഇരുപതു വര്‍ഷമായ നിയമം വേണമെന്ന് ആവശ്യപ്പെടുന്നതാണ്. എന്നാല്‍ അത് സംഭവിച്ചില്ല. ജെല്ലിക്കട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടത്. കേരളത്തിലെ ഉത്സവങ്ങളില്‍ ആനകളെ കെട്ടാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ജെല്ലിക്കട്ട് അനുവദിച്ചുകൂടാ?. തമിഴ്‌നാട്ടിലെ ജനങ്ങളുടെ അസംതൃപ്തിയുടെ പ്രതിഫലനമാണ് ജെല്ലിക്കട്ട് സമരം. ദശാബ്ദങ്ങളായി തമിഴ് ജനത അനുഭവിച്ചുവരുന്ന അസംതൃപ്തിയാണ് സമരമായി പരിണമിച്ചത് കമല്‍ ഹാസന്‍ പറഞ്ഞു.
വാഹനങ്ങള്‍ കത്തിക്കുന്നതായി വീഡിയോയില്‍ കാണുന്ന പോലീസുകാരന്‍ യഥാര്‍ഥ പോലീസുകാരായിരിക്കില്ല എന്നാണു താന്‍ കരുതുന്നതെന്നും അയാളും തന്നെപ്പോലെ ഒരു അഭിനേതാവായിരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. നേരത്തെയും സമരക്കാരെ അനുകൂലിച്ച് നടന്‍ രംഗത്തെത്തിയിരുന്നു.
