ആദിവാസി ഭൂസമരത്തിന്റെ പേരില്‍ ആരും മുതലെടുക്കണ്ട

കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കാന്‍ ശ്രമിച്ച ബിജെപിയെ കടന്നാക്രമിച്ച് ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. സംഘപരിവാര്‍ രാഷ്ട്രീയം എല്ലാകാലത്തും ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായിരുന്നെന്നും ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്നും ഗീതാനന്ദന്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ഇത് തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട’ ആദിവാസി ഭൂസമരം ഏറ്റെടുക്കാന്‍ വന്ന ബിജെപിക്ക് ചുട്ടമറുപടി കൊടുക്കുകയായിരുന്നു ഗീതാനന്ദന്‍.

മുത്തങ്ങ സമരത്തിന്റെ 14ാം വാര്‍ഷികമായ ഫെബ്രുവരി 18ന് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കലക്‌ട്രേറ്റിനു മുമ്ബില്‍ ഭൂസമര പ്രഖ്യാപന റാലിയും നില്‍പ്പു സമരവും സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ മാതൃഭൂമി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദയാമണി ബിര്‍ളയാണ് സമരപ്രഖ്യാപന റാലി ഉദ്ഘാടനം ചെയ്യുക.

നേരത്തെ ആദിവാസികളുടെ ഭൂസമരം ഏറ്റെടുക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ആദിവാസി നേതാവ് സികെ ജാനുവിനെ മുന്നില്‍ നിര്‍ത്തി സമരം നടത്താനായിരുന്നു ബിജെപി നീക്കം.

Leave a Reply

Your email address will not be published. Required fields are marked *