ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി നല്കി ഗോരഖ്പൂര്‍ എംപി ആദിത്യനാഥ്. അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്നു. യുപിയിലെ 64ഓളം നിയമസഭ മണ്ഡലങ്ങളില്‍ യോഗി ആദിത്യനാഥിന്റെ പാര്‍ട്ടിയായ ഹിന്ദു യുവ വാഹിനി ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നാണ് സൂചന. ഹിന്ദു യുവ വാഹിനി സംസ്ഥാന സെക്രട്ടറി സുനില്‍ സിംഗാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ഹിന്ദുത്വ അജണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായതിനാല്‍ തന്നെ ഇതാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള ഉത്തമ സമയമെന്നും സിംഗ് പറഞ്ഞു. ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറായാണ് അഞ്ചു തവണ എംപിയായിരുന്ന യോഗിയെ പാര്‍ട്ടി തെരഞ്ഞെടുത്തിരുന്നത്. 2001ലാണ് അദ്ദേഹം ഹിന്ദു യുവ വാഹിനി എന്ന സംഘടനക്ക് നേതൃത്വം നല്‍കിയത്.
വിദ്വേഷ പരാമര്‍ശങ്ങളുമായി കളം നിറയുന്ന യോഗി പാര്‍ട്ടിയെ പലകുറി പ്രതിരോധത്തിലാക്കിയിരുന്നു. കിഴക്കന്‍ യുപിയിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും കാര്യങ്ങള്‍ യോഗിയുടെ വഴിക്കല്ല നടന്നിരുന്നത്. ഇതും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.
അതേസമയം ബിജെപി വിഷയത്തോട് പ്രതികരിച്ചിട്ടില്ല. യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിറുത്താതെയാണ് ബിജെപി പ്രചാരണവുമായി മുന്നോട്ട് പോകുന്നത്. നേരത്തെ സ്മൃതി ഇറാനിയുടെ അടുപ്പക്കാരിക്ക് സീറ്റ് നല്‍കിയതിന് ഗൗരിഗഞ്ചില്‍ ബൂത്ത് പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ രാജി ഭീഷണി മുഴക്കിയിരുന്നു.
ഇവര്‍ സ്മൃതിയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍ നിര നേതാക്കന്മാരെ വരെ പരിഗണിക്കുന്നുണ്ടെങ്കിലും സമയവായത്തിലെത്താനായിട്ടില്ല.സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിരവധി എതിര്‍പ്പുകളും നേരിടുന്നു. അഭിമാനപ്പോരാട്ടമായാണ് യുപി തെരഞ്ഞെടുപ്പിനെ ബി.ജെ.പി നോക്കിക്കാണുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11നാണ്. മാര്‍ച്ച് പതിനൊന്നിനാണ് ഫലപ്രഖ്യാപനം.
