ഹാഫീസ് സയീദ് വീട്ടുതടങ്കലില്‍

ന്യുഡല്‍ഹി: ജമാഅത്തെ ഉദ്ദവ നേതാവും 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്. ലഹോറിലാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നതെന്ന് പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമാഅത്തെ ഉദ്ദവ(ജെയുഡി)യെ സര്‍ക്കാര്‍ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും നേതൃത്വം അറസ്റ്റിലായേക്കുമെന്നും പാകിസ്താന്‍ ടുഡെ വ്യക്തമാക്കുന്നു. ലഹോറിലെ ജാമിയ മസ്ജിദ് അല്‍ ക്വദ്‌സിയ ചൗബര്‍ജിയിലാണ് സയീദിനെയും മറ്റ് നാലു നേതാക്കളെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജെയുഡി സ്ഥാപക അംഗം സഫര്‍ ഇഖ്ബാല്‍, ജെയുഡി മാഗസിന്‍ എഡിറ്റര്‍ കാസി കാഷിഫ് നവാസ്, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്ള ഉദൈബ് എന്നിവരാണ് കസ്റ്റഡിയില്‍ കഴിയുന്നത്.
ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

യു.എന്‍ രക്ഷാസമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം മൂന്നു ദിവസം മുന്‍പ് ഇവരെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യു.എസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനെ തുടര്‍ന്നാണ് ജെയുഡിക്കെതിരായ നടപടി സര്‍ക്കാര്‍ ശക്തമാക്കിയത്. ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിതെന്ന് സൂചനയുണ്ട്.

അതേസമയം, ഇന്ത്യയുടെ സമ്മര്‍ദ്ദമാണ് അറസ്റ്റിനു പിന്നിലെന്ന് ഹാഫീസ് സയീദ് ട്വീറ്റ് ചെയ്തു. 2017 കശ്മീരിന്റേതാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. തരാന്‍ അറസ്റ്റു ചെയ്യപ്പെട്ടാല്‍ കശ്മീരില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ ശബ്ദമുയര്‍ത്തുമെന്നും ട്വീറ്റില്‍ പറയുന്നു.

ലഷ്‌കറെ തോയിബ സ്ഥാപക നേതാവ് കൂടിയായ സയീദ് ഒരു കോടി ഡോളര്‍ തലയ്ക്ക് വിലപറഞ്ഞ ഭീകരന്‍ കൂടിയാണ്. ജെയുഡിയെ 2014 ജൂണില്‍ യു.എസ് അന്താരാഷ്ട്ര ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *