കോഴിക്കോട്-കണ്ണൂരിന്റെ മണ്ണില്‍ പിച്ചവെച്ച് മലപ്പുറത്തിന്റെ മണ്ണില്‍ വളര്‍ന്ന് വിശ്വതലത്തിലേക്കുയര്‍ന്ന വിശ്വപൗരനായിരുന്നു ഇ.അഹമ്മദ്. മുസ്്‌ലിംലീഗിന്റെ കൊടിക്കീഴില്‍ തെരഞ്ഞെടുപ്പുകളെ നേരിട്ട അദ്ദേഹത്തെ മലപ്പുറത്തെ വോട്ടര്‍മാര്‍ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. എതിരാളികള്‍ക്ക് പോലും സമ്മതനായിരുന്നു അദ്ദേഹം. എതിരാളികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ മണത്തറിഞ്ഞ രാഷ്ട്രീയക്കാരനുമായിരുന്നു അഹമ്മദ്്. അതു കൊണ്ടു തന്നെ സമകാലീന മുസ്്‌ലിം ലീഗ് നേതാക്കളില്‍ മലപ്പുറത്തിന്റെ മണ്ണില്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി അറിയാത്ത നേതാവുമാണ് അദ്ദേഹം.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ 1967 ല്‍ കണ്ണൂരില്‍ വച്ച വിജയച്ചുവടുകള്‍ പിന്നീട് അദ്ദേഹം മലപ്പുറത്തേക്ക് നീട്ടിവച്ചു. കണ്ണൂരില്‍ ഒരിക്കലേറ്റ തേല്‍വി പിന്നീട് അദ്ദേഹത്തെ പിടികൂടിയില്ല. മലപ്പുറം എന്നും അദ്ദേഹത്തെ വന്‍ഭൂരിപക്ഷത്തോടെയാണ് വിജയിപ്പിച്ചു പോന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നില്ലെങ്കിലും ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്ന മലപ്പുറത്തിന്റെ പഴയ. രാഷ്ട്രീയ പാരമ്പര്യത്തിലെ കണ്ണിയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിലേക്ക് അഹമ്മദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ തന്നെ മുസ്്‌ലിം ലീഗ് വിജയമുറപ്പിച്ചിരുന്നു. മലപ്പുറത്തിന്റെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അവസാന തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിനും പ്രാചരണം ശക്തമാക്കേണ്ടി വന്നിരുന്നെങ്കിലും പരാജയത്തെ ഭയപ്പെടേണ്ടി വന്നിട്ടില്ല. സംസ്ഥാന നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും പതിറ്റാണ്ടുകളുടെ ഭരണസാന്നിധ്യമറിച്ച കേരളത്തില്‍ നിന്നു അപൂര്‍വ്വം നേതാക്കളിലൊരാളാണ് ഇ.അഹമ്മദ്.
1980 ലാണ് അദ്ദേഹം മലപ്പുറത്തിന്റെ സ്ഥാനാര്‍ഥിയായി അദ്യം രംഗപ്രവേശനം ചെയ്തത്. താനൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച അദ്ദേഹം കോണ്‍ഗ്രസിലെ യു.കെ.ഭാസിയെ കാല്‍ലക്ഷത്തോളം വോട്ടിന് തോല്‍പ്പിച്ചാണ് വിജയയാത്ര തുടങ്ങിയത്. 82 ലെ തെരഞ്ഞെടുപ്പില്‍ താനൂരില്‍ വന്‍വിജയം ആവര്‍ത്തിച്ച അദ്ദേഹം കേരള വ്യവസായ മന്ത്രിയുമായി. 1987 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് താനൂരിലെ വോട്ടര്‍മാര്‍ ഹാട്രിക് വിജയവും സമ്മാനിച്ചു. പിന്നീട് കേരള രാഷ്്ട്രീയത്തില്‍ നിന്ന് മാറി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ച അദ്ദേഹത്തിന് അവിടെയും പിഴച്ചില്ല. ജനപ്രീതിയുള്ള നേതാവായി അദ്ദേഹം വളര്‍ന്നു. കേരളത്തില്‍ ഗ്രാമീണ വികസന ബോര്‍ഡിന്റ് സ്ഥാപക ചെയര്‍മാനായും സിഡികോ ചെയര്‍മാനായും ഇടക്കാലത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചു.
1991 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് പാര്‍ലമെന്റിലേക്കുള്ള ആദ്യവിജയം നേടിയ അദ്ദേഹം പിന്നീട് വിജയരഥത്തില്‍ മുന്നേറുകയായിരുന്നു. തുടര്‍ച്ചായ മൂന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തെ മഞ്ചേരി വിജയിപ്പിച്ചു. 2004 ലെ തെരഞ്ഞെടുപ്പില്‍ പൊന്നായിലേക്ക് മാറിയ അദ്ദേഹം അവിടെയും വിജയമാവര്‍ത്തിച്ചു. മുസ്്‌ലിം ലീഗിന്റെ മുന്‍നേതാവ് ജി.എം.ബനാത്ത് വാലയുടെ നിര്യാണത്തെ തുടര്‍ന്ന് പൊന്നാനിയില്‍ അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായാണ് അഹമ്മദ് പാര്‍ലമെന്റില്‍ എത്തിയത്. പൊന്നായിലെ ആദ്യ വിജയം അദ്ദേഹത്തെ എത്തിച്ചത് കേന്ദ്രമന്ത്രി പദത്തിലാണ്. കേന്ദ്രവിദേശ കാര്യമന്ത്രിയായ അദ്ദേഹം വിദേശ രാജ്യങ്ങളില്‍, ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച് ഇന്ത്യയുടെ കരുത്തുറ്റ ശബ്്ദമായി. 2009 ലെ തെരഞ്ഞെടുപ്പില്‍ പുതിയ മണ്ഡലമായ മലപ്പുറത്ത് മല്‍സരിച്ച അദ്ദേഹം അവിടെയും ജനപ്രീതിയുടെ വിജയമാഘോഷിച്ചു. തുടര്‍ന്നുള്ള രണ്ട് വര്‍ഷം അദ്ദേഹം കേന്ദ്ര റെയില്‍വെ സഹമന്ത്രിയുമായിരുന്നു. തുടര്‍ന്ന് വീണ്ടും വിദേശകാര്യ മന്ത്രിപദത്തിലെത്തി. 2009 തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ച് വീണ്ടും ഇന്ദ്രപ്രസ്ഥത്തിലെത്തിയ അദ്ദേഹം ആരോഗ്യപരമായ പരിമിതികള്‍ക്കിടയിലും മലപ്പുറത്തിന്റെ വികസനത്തിനായി പ്രയത്‌നിക്കുകയായിരുന്നു.
അഹമ്മദിന് മലപ്പുറത്തു നിന്ന് ലഭിച്ച തെരഞ്ഞെടുപ്പു വിജയങ്ങള്‍ എന്നും വലുതായിരുന്നു. കൂറ്റന്‍ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തെ ഓരോ തവണയും വോട്ടര്‍മാര്‍ വിജയരഥത്തിലേറ്റിയത്. മലപ്പുറത്തിന്റെ വികസനത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ നേതാവാണ് അദ്ദേഹം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പദ്ധതികള്‍ നേടിയെടുക്കുന്നതില്‍ ഏറെ വിജയിച്ചു. കരിപ്പൂര്‍ വിമാനത്താവളം, പെരിന്തല്‍മണ്ണയിലെ അലിഗഡ് യൂനിവേഴ്‌സിറ്റി കാമ്പസ്, മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ്, എയര്‍ ഇന്ത്യ ഓഫീസ് തുടങ്ങിയവ അദ്ദേഹം ദല്‍ഹിയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ സാഫല്യങ്ങളാണ്. കേരളത്തില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്ക് എന്നും അദ്ദേഹം അത്താണിയായിരുന്നു. കേരളത്തിന്റെ ഹജ് ക്വാട്ട വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാനപങ്കാണ് അദ്ദേഹം വഹിച്ചത്.
കേന്ദ്ര റെയില്‍വെ സഹമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ റെയില്‍ഗതാഗത വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. റെയില്‍വെ സ്റ്റേഷനുകളുടെ വികസനം അതില്‍ സുപ്രധാനമായിരുന്നു. അന്താരാഷ്ട്ര വേദികളില്‍ തിളങ്ങി നിന്നപ്പോഴും മലപ്പുറത്തെ സാധാരണക്കാരുമായി അടുത്തിടപഴകിയ നേതാവായിരുന്നു ഇ.അഹമ്മദ്. പ്രവാസി കുടുംബങ്ങള്‍ ഏറെയുള്ള മലപ്പുറത്തുകാരുടെ ഗള്‍ഫിലെ പ്രശ്്‌നങ്ങളില്‍ അദ്ദേഹം നിരന്തരം ഇടപെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ നിയമക്കുരുക്കുകളികപ്പെട്ടും തൊഴില്‍ പ്രശ്്‌നങ്ങളില്‍ കുടുങ്ങിയും ദുരിതമനുഭവിച്ച ആയിരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വലിയ ആശ്വാസമാണ് നല്‍കിപ്പോന്നത്.
ലോകരാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രമേഖലയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടയാളമായിരുന്നു ഇ.അഹമ്മദ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒട്ടേറെ രാജ്യങ്ങളില്‍ അതിഥിയായി എത്തിയ അദ്ദേഹത്തിന്റെ ഭാഷാപ്രാവീണ്യവും നയതന്ത്രമികവും ലോക പരിചയവും ഏറെ പ്രശംസിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുള്ള ആഗോള വേദികളില്‍ ഇന്ത്യയുടെ ഉറച്ച ശബ്്ദമായി അഹമ്മദ് മാറി.യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് മേഖലകളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച സംഘത്തിന്റെ തലവനായിരുന്നു അദ്ദേഹം.
മൂന്നര പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ പാര്‍ലമെന്റിലെത്തിയ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഗോള വേദികള്‍ നിരവധിയാണ്. 1984 ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വാണിജ്യസംഘത്തെ നയിച്ച് തുടങ്ങി വച്ച ദേശാന്തരീയ നയതന്ത്രയജ്ഞം അദ്ദേഹം അവസാന കാലം വരെ മുന്നോട്ടു കൊണ്ടു പോയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യാ സര്‍ക്കാരിന്റെ മുഖവും ശബ്്ദവുമൊക്കെയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ അദ്ദേഹത്തെ ഇന്ത്യാ സര്‍ക്കാര്‍ നയതന്ത്രപരമായ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. 1992 മുതല്‍ 97 വരെ തുടര്‍ച്ചായി ആറു തവണ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധിയായി അദ്ദേഹത്തെ അയച്ചത് സര്‍ക്കാരിന് അദ്ദേഹത്തിലുള്ള മതിപ്പും ആത്്മവിശ്വാസവും കൊണ്ടാണ്. 1997 ലെ ഹജ് തീര്‍ഥാടനകാലത്തുണ്ടായ മിനാദുരന്തത്തെ തുടര്‍ന്നുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും അഹമ്മദായിരുന്നു. 95 ല്‍ നടന്ന ലോക സോഷ്യല്‍ സമ്മിറ്റി ഇന്ത്യന്‍ ശബ്്ദമായി അദ്ദേഹം മാറി. ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് സമ്മേളനം, ജോര്‍ദാന്‍ പാര്‍ലമെന്ററി സമ്മേളനം, കൊളമ്പോ സഹകരണ സമ്മേളനം, സുഡാന്‍ സമാധാന സംഗമം, മൗറീഷ്യസ് ദ്വീപം സംഗമം, അള്‍ജിയേഴ്്‌സ് അറബ് ലീഗ് സമ്മേളനം, ഓസ്ലോയില്‍ നടന്ന സുഡാന്‍ സഹായ സമ്മേളനം, ഖത്തര്‍ ജി 77 സമ്മേളനം, യു.എന്‍.സാമ്പത്തിക സഹായ സമ്മേളനം തുടങ്ങി അദ്ദേഹം ഇന്ത്യക്കു വേണ്ടി പങ്കെടുത്ത ആഗോള സമ്മേളനങ്ങള്‍ നിരവധി.
അറബ് ലോകത്തെ രാഷ്ട്രീയ അസ്ഥിരതയെയും സമാധാന ഭംഗത്തെയും തുടര്‍ന്നുണ്ടായ ആഗോളസാഹചര്യങ്ങളില്‍ ഇ.അഹമ്മദ് ഇന്ത്യയുടെ പ്രതിനിധിയായി ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഫലസ്തീന്‍,സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രശ്്‌നപരിഹാരങ്ങള്‍ക്കുള്ള ആഗോള ചര്‍ച്ചകളില്‍ അദ്ദേഹം വിലപ്പെട്ട നിര്‍ദേശങ്ങളാണ് നല്‍കിയത്. തെഹ്‌റാനില്‍ നടന്ന റിംസ് കോണ്‍ഫറന്‍സ്, ഖാര്‍ത്തൂം അറബ് ലീഗ് സംഗമം, ദോഹ ജി.സി.സി.സമ്മിറ്റി, സിയോള്‍ ഏഷ്യന്‍ സഹകരണ സംഗമം എന്നിവയിലും അദ്ദേഹം പങ്കെടുത്തു. താഷ്‌കെന്റ്,ന്യൂയോര്‍ക്കി, കസാക്കിസ്ഥാന്‍, ഖത്തര്‍, ഹവാന, റിയാദ്, ഖാര്‍ത്തും തുടങ്ങി ലോകത്തിലെ വിവിധ നഗരങ്ങളില്‍ വിവിധ വര്‍ഷങ്ങളില്‍ നടന്ന ആഗോള സംഗമങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് ഇ.അഹമ്മദായിരുന്നു.
വിദേശ രാജ്യങ്ങളിലുണ്ടായ രാഷ്ട്രീയ അട്ടിമറികളിലും ദുരന്തങ്ങളിലും ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്കായി ആദ്യമോടിയെത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ നിയോഗിച്ചത് അദ്ദേഹത്തെയാണ്.ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ തുടങ്ങിയ ആ നയതന്ത്ര മികവ് പില്‍ക്കാലത്ത് ബി.ജെ.പി.യുടെ ഭരണകാലത്തും വിദേശകാര്യമന്ത്രാലയങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു.
ദേശീയ തലത്തില്‍ മുസ്്‌ലിം ലീഗിന് മേല്‍വിലാസമുണ്ടാക്കി കൊടുത്തതില്‍ ഇ.അഹമ്മദിന്റെ പങ്ക് ഏറെ വലുതാണ്. ഖായിദെ മില്ലത്ത് ഇസ്്മായില്‍ സാഹിബിനും ഗുലാം മുഹമ്മദ് ബനാത്ത് വാലക്കും ശേഷം ദല്‍ഹിയില്‍ മുസ്്‌ലിം ലീഗിനും മുസ്്‌ലിം സമുദായത്തിനും വേണ്ടി വാദിക്കാനുള്ള ഏകശബ്്ദമായി അദ്ദേഹം മാറി. ദല്‍ഹിയിലുള്ള ദേശീയ നേതാക്കളുമായും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരുമായും അദ്ദേഹം പുലര്‍ത്തിയ ആത്്മബന്ധം അദ്ദേഹത്തിന്റെ യശസ്സ് വര്‍ധിപ്പിച്ചതോടൊപ്പം മുസ്്‌ലിം ലീഗിനും ദേശീയ തലത്തില്‍ അവസരങ്ങളും സ്ഥാനങ്ങളുമൊരുക്കി.
കോണ്‍ഗ്രസുമായുള്ള മുസ്്‌ലിം ലീഗിന്റെ ബന്ധത്തെ ശക്തമാക്കിയത് ഇ.അഹമ്മദിന്റെ ഇടപെടലുകളാണ്. കേരളത്തില്‍ മുസ്്‌ലിം ലീഗിനെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചപ്പോഴെല്ലാം ഹൈക്കമാന്റിന്റെ ഇടപെടലിന് കളമൊരുക്കിയത് ഇ.അഹമ്മദായിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ അദ്ദേഹത്തിന്റെ കൈപിടിച്ച് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. ലീഗിനെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കാന്‍ അഹമ്മദിന്റെ അത്തരത്തിലുള്ള രാഷ്ട്രീയതന്ത്രങ്ങള്‍ ഏറെ സഹായിച്ചു.
മുസ്്‌ലിം ലീഗിനുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങളെ ശരിയായ ദിശയിലേക്ക് നയിച്ചത് ഇ.അഹമ്മദായിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കുകള്‍ക്കിടയില്‍ അദ്ദേഹം മികച്ച മധ്യസ്ഥനായി. പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ പാര്‍ട്ടിയില്‍ പടനീക്കങ്ങള്‍ നടന്ന സമയത്ത് അത് പൊട്ടിത്തെറിയിലെത്താതെ കാത്തത് ഇ.അഹമ്മദിന്റെ ഇടപെടലുകളാണ്. പാര്‍ട്ടിയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവനിരയുടെ ശബ്്ദമായും അദ്ദേഹം മാറി. നേതൃനിരയിലെ സന്തുലനം കാത്തുസൂക്ഷിക്കാന്‍ മുസ്്‌ലിം ലീഗിനെ സഹായിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു.
