മലപ്പുറം: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ വ്യക്തിയാണ് ഇ. അഹമ്മദ്. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെയും ജി.എം ബനാത്ത് വാലയുടെയും പിന്‍ഗാമിയായാണ് അഹമ്മദ് പാര്‍ട്ടി ഏല്‍പിച്ച ഡല്‍ഹി ദൗത്യം ഏറ്റെടുത്തത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫക്കി തങ്ങള്‍ക്കും ഇബ്രാഹിം സുലൈമാന്‍ സേട്ടിനും ശേഷം കേരളത്തില്‍ നിന്ന് ലീഗ് ദേശീയ അധ്യക്ഷനാകുന്ന മൂന്നാമനാണ് അഹമ്മദ്.
എം.എസ്.എഫിലൂടെ സാധാരണ പ്രവര്‍ത്തകനായാണ് അഹമ്മദിന്റെ രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം. കണ്ണൂര്‍ സിറ്റിയിലെ മുക്കടവ് ശാഖയിലായിരുന്നു പ്രവര്‍ത്തനം. മുസ് ലിം വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മലബാര്‍ ജില്ലാ സെക്രട്ടറിയുമായി. മുക്കടവ് വാര്‍ഡില്‍ നിന്ന് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് മുനിസിപ്പല്‍ ചെയര്‍മാനായി. താവക്കര സബ് വേ ഉള്‍പ്പൈട നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു.
1967ല്‍ കണ്ണൂരില്‍ നിന്ന് 29കാരനായ ഇ. അഹമ്മദ് നിയമസഭയിലെത്തുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 19 വര്‍ഷം നിയമസഭാ സമാജികനായി. 82 മുതല്‍ 87 വരെ സംസ്ഥാന വ്യവസായ മന്ത്രിയായി. എന്നാല്‍, 1970ലെ തെരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഗിന്റെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിസ്ഥാനം പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോള്‍ അഹമ്മദ് ഇടക്കാലത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചു. കേന്ദ്രമന്ത്രിയെന്ന തിരക്ക് കാരണം പിന്നീട് പദവിയൊഴിഞ്ഞു. നിരവധി പാര്‍ലമെന്ററി സമിതികളില്‍ അംഗമായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അഞ്ച് പ്രധാനമന്ത്രിമാരുടെ നിര്‍ദേശ പ്രകാരം തുടര്‍ച്ചയായി ആറു തവണ അംഗമായി റെക്കോര്‍ഡിട്ടു.
